കൊച്ചി: വല്ലാര്‍പാടത്തുനിന്ന് കണ്ടെയ്നറുമായി പോയ ചരക്ക് ട്രെയിൻ അപകടത്തില്‍പെടുന്നത് ഒഴിവാക്കിയ ട്രാഫിക് ജീവനക്കാരനായ എം. മഹേഷിനെ ദക്ഷിണ റെയില്‍വേ ആദരിച്ചു.
അഡീഷനല്‍ ഡിവിഷനല്‍ മാനേജര്‍ പി.ടി. ബെന്നിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആര്. മുകുന്ദ് പ്രശംസാപത്രവും കാഷ് അവാര്‍ഡും സമ്മാനിച്ചു.
ഫെബ്രുവരി എട്ടിന് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് 20 അടി വലുപ്പമുള്ള 80 കണ്ടെയ്നറുകളുമായി ബംഗളൂരുവിലേക്ക് പോയ ചരക്ക് ട്രെയിനില്‍നിന്ന് അസാധാരണ ശബ്ദം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് ചക്രങ്ങള്‍ പരിശോധിച്ചു. 25ാം വാഗണിലെ ചക്രങ്ങള്‍ക്ക് തകരാറും അസാധാരണ കുലുക്കവും കണ്ടുപിടിച്ചു. ട്രെയിന്‍ പാളത്തിലേക്ക് കയറുന്നതിന് 100 മീറ്റര്‍ മാത്രം ഇപ്പുറം െവച്ചാണ് മഹേഷ് തകരാർ കണ്ടെത്തിയത്. തുടര്‍ന്ന് പിന്നിലെ ഗാര്‍ഡ് വാനിെൻറ ഭാഗത്തേക്ക് ഓടിയ മഹേഷ് ചുവപ്പ് സിഗ്നല്‍ കാണിക്കുകയും ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്തിക്കുകയുമായിരുന്നു.
ട്രെയിന്‍ പാലത്തില്‍ കയറിയിരുന്നെങ്കില്‍ പാളം തെറ്റുകയും അപകടം ഉണ്ടാവുകയും ചെയ്യുമായിരുന്നു. സമയോചിത ഇടപെടലിലൂടെ അപകടം ഒഴിവാക്കിയതിനാണ് മഹേഷിനെ ആദരിച്ചത്.