എം.ഡി.എം.എ കടത്ത്; അന്വേഷണം ഊർജിതം
text_fieldsഫൈസൽ, കുഞ്ഞുമുഹമ്മദ്
അങ്കമാലി: ബംഗളൂരുവിൽനിന്ന് എറണാകുളം ഭാഗത്തേക്ക് ബൈക്കിൽ രാസലഹരി കടത്തുകയായിരുന്ന പ്രതികളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച പുലർച്ചയാണ് രണ്ട് പേർ അങ്കമാലിയിൽ പൊലീസ് പിടിയിലായത്. ഞാറക്കൽ വളപ്പിൽ താമസിക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരെ ജില്ല ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും അങ്കമാലി പൊലീസും ചേർന്നാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് സംഘം ദേശീയപാതയിൽ അങ്ങാടിക്കടവ് ഭാഗത്ത് വാഹന പരിശോധനയുമായി കാത്ത് നിൽക്കുകയായിരുന്നു. അതിനിടെ, പാഞ്ഞുവന്ന ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
ബൈക്കിനെ പിന്തുടർന്ന പൊലീസ് സംഘം അങ്കമാലി ടി.ബി ജങ്ഷനിൽ െവച്ച് സാഹസികമായി പിടികൂടുകയായിരുന്നു. കൈയുറക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ച 25 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

