സുരക്ഷയില്ലാതെ സഞ്ചാരികൾ; ടൂറിസം മേഖലയിൽ ആശങ്ക
text_fieldsഫോർട്ട്കൊച്ചി കടപ്പുറത്തെ അപകടം പതിയിരിക്കുന്ന തകർന്ന പുലിമുട്ടിൽ അറബികടലിന്റെ കാഴ്ച ആസ്വദിക്കുന്ന സഞ്ചാരികൾ
ഫോർട്ട്കൊച്ചി: കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾ അടുത്ത കാലത്തായി നേരിടുന്ന സുരക്ഷാപ്രശ്നങ്ങൾ വിനോദസഞ്ചാര മേഖലയിൽ ആശങ്ക ഉയർത്തുന്നു. കോവിഡിന് ശേഷം ഉയിർത്തെഴുന്നേൽക്കുന്ന കൊച്ചിയിലെ വിനോദസഞ്ചാര മേഖലക്ക് സുരക്ഷാവീഴ്ചയും തുടർ അപകടങ്ങളും തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഡെങ്കിപ്പനി ബാധിച്ച് മരണം, പീഡനശ്രമങ്ങൾ, വാഹനാപകടം, തകർന്ന നടപ്പാതകളിൽ വീണ് പരിക്കുകൾ, നായ് ശല്യം, മോഷണം തുടങ്ങി കൊച്ചിയിൽ സഞ്ചാരികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ ഏറെയാണ്.
കൊച്ചിയിലെത്തി ഡെങ്കിപ്പനി ബാധിച്ച് അയർലൻഡ് സ്വദേശി റൈസാദ് ഹോളോ മരിച്ചതും അയർലൻഡ് സ്വദേശി ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ നവീകരണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് കാലൊടിഞ്ഞതും നെതർലൻഡ് സ്വദേശിയെ തെരുവുനായ് ആക്രമിച്ചതും സീബ്രാലൈൻ മുറിച്ചുകടക്കവെ നെതർലൻഡ് സ്വദേശിയെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കാലിന് പരിക്കേറ്റതും മട്ടാഞ്ചേരി സർക്കാർ ഗേൾസ് സ്കൂളിന് സമീപം ബ്രിട്ടൺ സ്വദേശിയായ വനിതകൾ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റതും ഫോർട്ട്കൊച്ചി കടപ്പുറത്തെ തകർന്ന നടപ്പാതയിൽ വീണ് ഫ്രഞ്ചുകാരായ ഡാനിയലിനും ഭാര്യക്കും കാലിന് പരിക്കേറ്റതും യു.കെയിൽനിന്ന് എത്തിയ സഞ്ചാരിക്കുനേരെ കരകൗശല വിൽപന കേന്ദ്രത്തിൽ നടന്ന പീഡനശ്രമം, ഫ്രഞ്ച് സ്വദേശിയുടെ ബാഗ് മോഷണം, ഒടുവിൽ അമേരിക്കൻ സഞ്ചാരിക്ക് റോഡിലെ കുഴിയിൽ വീണ് തലക്ക് പരിക്കേറ്റ സംഭവം തുടങ്ങിയവ വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തുന്നത്.
അപകടത്തിൽപെടുന്നവർ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ദുരനുഭവങ്ങൾ സ്വന്തം നാട്ടിൽ പങ്കുവെക്കുന്നത് സഞ്ചാരികളിൽ മനംമടുപ്പിന് ഇടയാക്കുന്നുണ്ടെന്ന് ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നു. പരിക്കേറ്റവർക്ക് ചികിത്സ നൽകാൻപോലും തയാറാകാത്ത സംഭവങ്ങളും വലിയ വിമർശനത്തിന് ഇടയാക്കി. ആഭ്യന്തര വിനോദസഞ്ചാരികളും റോഡിലെ കുഴികളിൽ വീണും മറ്റും അപകടങ്ങളിൽപെടുന്നുണ്ടെങ്കിലും വാർത്തകളിൽ ഇടംപിടിക്കാറില്ല. അതിഥികളായെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

