ടൂറിസ്റ്റ് ബോട്ട് കത്തിനശിച്ചു; ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
text_fieldsബോട്ടിലെ തീകെടുത്താൻ ശ്രമിക്കുന്ന കോസ്റ്റൽ പൊലീസ്
മട്ടാഞ്ചേരി: കെട്ടിയിട്ടിരുന്ന ടൂറിസ്റ്റ് ബോട്ട് പൂർണമായും കത്തിനശിച്ചു. എൻജിൻ റൂം, ഇരിപ്പിടങ്ങൾ, ലൈഫ് ജാക്കറ്റുകൾ തുടങ്ങിയവ കത്തിനശിച്ചു. ആറ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വല്ലാർപാടത്തിന് സമീപത്ത് കൊച്ചി കായലിനോട് ചേർന്ന ദ്വീപിൽ കെട്ടിയിട്ടിരുന്ന ഐലൻഡ് ഡി കൊച്ചിൻ എന്ന ഫൈബർ ബോട്ടാണ് വെള്ളിയാഴ്ച പുലർച്ച അഗ്നിക്കിരയായത്.
വടുതല പഴമ്പള്ളി ജോണി അലക്സിന്റേതാണ് ബോട്ട്. 17 പേർക്ക് യാത്രചെയ്യാവുന്ന ടൂറിസ്റ്റ് ബോട്ട് ഏതാനും ദിവസമായി ദ്വീപിലെ കടവിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കായലിൽ മത്സ്യബന്ധനം നടത്തുന്ന വള്ളക്കാർ വലവീശിയ ശേഷം ബോട്ടിൽ സാധാരണയായി വിശ്രമിക്കാറുണ്ടെന്നും ഇവർ കത്തിച്ചുവെച്ച കൊതുകുതിരിയോ വിളക്കിൽനിന്നുള്ള തീയോ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സി.ഐ സനൽകുമാർ, എസ്.ഐ ഗിൽബർട്ട് എന്നിവരുടെ നേതൃത്വത്തിൽ ഫോം അടിച്ച് ബോട്ടിലെ തീ കെടുത്തിയെങ്കിലും ബോട്ട് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.