വേലിയേറ്റം: നഷ്ടപരിഹാരത്തിന് 14 വരെ അപേക്ഷിക്കാം
text_fieldsകാക്കനാട്: വേലിയേറ്റത്തെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ 14 വരെ അപേക്ഷിക്കാം. വൈപ്പിൻ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ എൻ.എസ്.കെ ഉമേഷിന്റെയും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. അക്ഷയ സെന്ററുകൾ വഴി റവന്യൂ വകുപ്പിന്റെ എൽ.ആർ.ഡി പോർട്ടലിലാണ് അപേക്ഷനൽകേണ്ടത്.
24നകം തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കേടുപാടുകൾ പരിശോധിച്ച് എസ്റ്റിമേറ്റ് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുക.
മഴക്കാലത്തിന് മുന്നോടിയായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ വേലിയേറ്റം തടയാൻ വേണ്ട പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് കലക്ടർ പറഞ്ഞു. മൂന്ന് കോടി രൂപയാണ് ആവശ്യപ്പെട്ടത്.
വേലിയേറ്റത്തെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ സ്ലൂയിസുകൾ നിർമിക്കാനും നിലവിലുള്ളതിന്റെ നവീകരണ പ്രവൃത്തികൾ, പുറം ബണ്ട് നിർമാണം തുടങ്ങിയവ അതിവേഗത്തിൽ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
23 തോടുകളുടെ പട്ടികയാണ് ജലസേചന വകുപ്പ് തയാറാക്കിയത്. വേലിയേറ്റം ബാധിച്ചവർക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അതാത് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടത്തുക. ഈ മാസം 20നകം പൂർത്തിയാക്കാനാണ് നിർദേശം.
പൊക്കാളി നില വികസന ഏജൻസി തയാറാക്കിയ പ്രൊപ്പോസൽ പ്രകാരമുള്ള പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കും. വൈപ്പിൻ മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കടൽ തീരത്തിന് 50 മീറ്ററിന് പുറത്തുള്ളവരേയും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യതകൾ തേടുമെന്ന് എം.എൽ.എ പറഞ്ഞു.
വല്ലാർപാടം റിങ് ബണ്ട് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിന് മുന്നോടിയായി സർവേ നടത്തി കൈയേറ്റങ്ങൾ ഒഴിപ്പിക്കും. റവന്യൂ വകുപ്പിന്റെ സർവേയർമാർക്ക് പുറമേ ജിഡയുടെ (ഗോശ്രീ ദ്വീപ് വികസന അതോറിറ്റി) സർവേയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സാജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.നിബിൻ, അസീന അബ്ദുൽ സലാം, എൻ.എസ് അക്ബർ, മിനി ഡേവിസ്, നീതു ബിനോദ്, മേരി വിൻസെന്റ്, വൈസ് പ്രസിഡന്റുമാരായ എ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എം. സിനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

