'ഇടി'യുണ്ട് സൂക്ഷിക്കുക
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ഉച്ചകഴിയുന്നതോടെ വെയിൽകുറഞ്ഞ്, വാനം മേഘാവൃതമായി ശക്തമായ മഴക്ക് അന്തരീക്ഷം വഴിമാറുന്നതാണ് സമീപദിവസങ്ങളിലെ കാലാവസ്ഥ. തുലാവർഷം പെരുമഴയുമായി കടന്നെത്തുമ്പോൾ അകമ്പടിയായി ഇടിമിന്നലും ശക്തമാണ്. ശ്രദ്ധയേറെ ആവശ്യമായ സായാഹ്നങ്ങളാണ് കടന്നുവരുന്നത്.
സൂക്ഷിച്ചില്ലെങ്കിൽ അപകടത്തിന് കാരണമാകും. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. ജില്ലയിൽ ശക്തമായ മഴയാണ് ഏതാനും ദിവസങ്ങളായി ലഭിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ ഇലഞ്ഞിയിൽ വീടിന് കേടുപാടുണ്ടായിരുന്നു. ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമായതിനാൽ മതിയായ മുൻകരുതൽ അത്യാവശ്യമാണ്. തിങ്കളാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം. വീടിന്റെ വയറിങ് പൂർണമായി കത്തിനശിച്ചു, വൈദ്യുതി ഉപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി.
മിന്നലേറ്റാൽ...
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആൾക്ക് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. ഉടൻ വൈദ്യസഹായം ലഭ്യമാക്കുക.
കാർമേഘം കാണുമ്പോൾ മുതലേ മുൻകരുതൽ
ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും തുടർന്നേക്കാം. ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യ ജീവനും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുത്.
സുരക്ഷിതമായിരിക്കാം...
- മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
- ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
- കഴിയുന്നത്ര വീടിനുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനുപുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങാൻ പാടില്ല.
- പട്ടം പറത്താൻ പാടില്ല.
- തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കിയിരിക്കുക.
- വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴമേഘം കാണുമ്പോള്‍ തുറസ്സായ സ്ഥലത്തേക്ക് പോകരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

