വലിച്ചെറിയരുതേ...കേസുവരും പിറകെ
text_fieldsകൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെവന്ന നിയന്ത്രണങ്ങൾ മൂലം പൊതുനിരത്തിൽ മാലിന്യം തള്ളുന്നത് വ്യാപകമായതോടെ നടപടിയുമായി പൊലീസ്. തെരുവിൽ മാലിന്യം ഉപേക്ഷിച്ച 50ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മാലിന്യക്കൂമ്പാരത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതിനൊപ്പം തെരുവുനായ്ക്കളുടെ ശല്യവും വ്യാപകമായതോടെയാണ് പൊലീസും നടപടി തുടങ്ങിയത്.
മാലിന്യം തള്ളിയ ഹോട്ടലുകൾ, ഫ്ലാറ്റുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവക്കൊപ്പം ചില വീട്ടുടമകൾക്കുമെതിരെ കേസെടുത്തു. 18 പൊലീസ് സ്റ്റേഷൻ പരിധിയിലായാണ് ഇത്രയും കേസെടുത്തിരിക്കുന്നത്. മാലിന്യം വലിച്ചെറിഞ്ഞവരുടെ സി.സി ടി.വി ദൃശ്യങ്ങൾക്കൊപ്പം പൊതുജനങ്ങൾ കാമറകളിൽ പകർത്തിയ ദൃശ്യങ്ങളും തെളിവായി സ്വീകരിച്ചാണ് നടപടി. ജൈവ- അജൈവ മാലിന്യം പ്ലാസ്റ്റിക് കവറിലാക്കിയാണ് രാത്രി തള്ളുന്നത്. ഹോട്ടലുകളിലെ ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം തള്ളുകയാണ് പതിവ്.
ഫുട്പാത്തിലും റോഡരികിലും മേൽപാലങ്ങൾക്ക് മുകളിലും താഴെയുമാണ് ഇടുന്നത്. അജൈവ മാലിന്യത്തിനൊപ്പം ഭക്ഷണ മാലിന്യവും കലര്‍ത്തി പൊതുയിടങ്ങളില്‍ ഉപേക്ഷിക്കുന്നതിനാൽ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേന അംഗങ്ങൾക്ക് ഇരട്ടി ജോലിയാവുകയാണ്. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച ശേഷമാണ് റീസൈക്ലിങ് പ്രക്രിയകൾക്ക് അയക്കുന്നത്. ഭക്ഷണമാലിന്യവും ഇതിനൊപ്പം കലരുന്നതോടെ പലസ്ഥലങ്ങളിൽനിന്നും മാലിന്യ ശേഖരണവും വൈകിയിരിക്കുകയാണ്. പല മാലിന്യവും ദിവസങ്ങൾ കഴിഞ്ഞാണ് നീക്കുന്നത്.
ഇതോടെ അഴുകി പുഴുവരിച്ച അവസ്ഥയിലാണ് ഫുട്പാത്തുകൾ. ദുർഗന്ധം സഹിക്കാനാകാതെ പലപ്പോഴും നാട്ടുകാർതന്നെ കുഴിച്ചിടുകയാണ്. ഹിൽപാലസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസ് എടുത്തിരിക്കുന്നത്. ആറ് കേസാണിവിടെ രജിസ്റ്റർ ചെയ്തത്. എറണാകുളം സൗത്തിൽ അഞ്ചും നോർത്ത്, ചേരാനല്ലൂർ, കടവന്ത്ര എന്നിവിടങ്ങളിൽ നാല് കേസുമാണ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെയാണ് മറ്റ് സ്റ്റേഷനുകളിലും. ആറുമാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജൈവമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കണം
കൊച്ചി: നഗരത്തിലെ വൻകിട സ്ഥാപനങ്ങൾ ശനിയാഴ്ച മുതല്‍ സ്വന്തം നിലക്ക് ജൈവമാലിന്യം സംസ്കരിക്കണം. ഉറവിടത്തില്‍തന്നെ മാലിന്യം സംസ്കരിക്കണമെന്ന ഹൈകോടതി നിര്‍ദേശം ചൂണ്ടിക്കാട്ടി കോര്‍പറേഷനാണ് നഗരത്തില്‍ വലിയ തോതില്‍ മാലിന്യം പുറംതള്ളുന്ന സ്ഥാപനങ്ങള്‍, ഫ്ലാറ്റുകള്‍, ഹോട്ടലുകള്‍ എന്നിവക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന് ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹകരണം സ്ഥാപനങ്ങള്‍ക്ക് കോര്പറേഷന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫ്ലാറ്റുകളുമായി കോര്പറേഷന് പ്രാഥമിക ചര്‍ച്ച നടത്തി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

