മുനിസിപ്പൽ കോംപ്ലക്സിൽ കവർച്ച; കേസെടുത്തു
text_fieldsതൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ ഉടമസ്ഥതയിൽ സ്റ്റാച്ച്യു പോളക്കുളം റോഡിൽ അടഞ്ഞുകിടക്കുന്ന എ.ജി. രാഘവമേനോൻ മെമ്മോറിയൽ മുനിസിപ്പൽ കോംപ്ലക്സിൽനിന്നു 65 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നതായി പരാതി. ഇലക്ട്രിക്കൽ, പ്ലംബിങ്, ഫയർ ഫൈറ്റിങ് സാമഗ്രികകളുൾപ്പെടെ 65 ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തെന്ന് തൃപ്പൂണിത്തുറ മുനിസിപ്പൽ അസി. സെക്രട്ടറി നൽകിയ പരാതിയിൽ പറയുന്നു.
2020 സെപ്തംബർ ഒന്നുമുതൽ ഇതുവരെയുള്ള കാലയളവിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം മാളിൽ പരിശോധന നടത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ണൻകുളങ്ങരയിലെ പൂട്ടികിടക്കുന്ന ടി.കെ. രാമകൃഷ്ണൻ മെമ്മോറിയൽ ഷോപ്പിങ് മാളിൽ നിന്നും അരക്കോടിയിലധികം വരുന്ന ഇലക്ട്രിക്ക് സാധന സാമഗ്രികൾ മോഷണം പോയതിൽ കഴിഞ്ഞ നവംബറിൽ നഗരസഭാധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നുള്ള പരിശോധനയിൽ രാഘവമേനോൻ മാളിലും ലക്ഷങ്ങളുടെ കവർച്ച നടന്നെന്ന് കണ്ടെത്തിയിട്ടും മുനിസിപ്പൽ അധികൃതർ കഴിഞ്ഞ ദിവസം വരെ പരാതി നൽകാതിരുന്നതിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു. കോടികൾ മുടക്കി നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും നഗരമധ്യത്തിൽ പൂട്ടിക്കിടക്കുകയായിരുന്ന രണ്ട് മാളുകളും. മാളുകളുടെ ലേല നിബന്ധനകളിലുണ്ടായിരുന്ന വ്യവസ്ഥകൾ മൂലം ആരും വാടകയ്ക്കെടുക്കാൻ വരാതിരുന്നതാണ് മാളുകൾ പൂട്ടി കിടക്കാൻ കാരണമായത്.
പിന്നീട് മാളുകളിലെ മുറികൾ ഒറ്റയ്ക്കൊറ്റയ്ക്കായി വാടകയ്ക്ക് കൊടുക്കാൻ തീരുമാനമായതിൻ പ്രകാരം ടി.കെ.രാമൃഷ്ണൻ മാളിലെ രണ്ട് മുറികൾക്ക് ആവശ്യക്കാരെത്തിയതോടെ തുറന്ന് നോക്കാനായി മുനിസിപ്പാലിറ്റിയിൽ നിന്നും ബന്ധപ്പെട്ടവരെത്തിയപ്പോഴാണ കവർച്ച നടന്നതായി കണ്ടെത്തിയത്. എന്നാൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ സംഭവം പുറത്തറിയിക്കാതെ ബന്ധപ്പെട്ടവർ മൂടിവയ്ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

