നിൽക്കാനൊരു സ്ഥലവും ഒരു ഉത്തോലകവും നൽകിയാൽ ഭൂമിയെ ഇളക്കി മാറ്റാമെന്ന് പറഞ്ഞത് ആർക്കിമിഡീസാണ്. പ്രസിഡന്‍റ് സ്ഥാനവും ഉത്തോലകങ്ങളും കൊണ്ട് പാർട്ടിയെ സെമി കേഡറാക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് കേരളത്തിലെ ഒരു നേതാവാണ്. എന്തായാലും ഭൂമിയെ ഇളക്കിമാറ്റുംപോലെ എളുപ്പമല്ല പാർട്ടിയെ സെമി കേഡറാക്കാൻ എന്ന് ഏറക്കുറെ വ്യക്തമായിട്ടുണ്ട്.
തലമുറ തലമുറയായി തുടർന്നുവരുന്ന ഗ്രൂപ്പുകളി, തൊഴുത്തിൽകുത്ത്, കാലുവാരൽ, തുടങ്ങിയ ആചാരങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കാനാവുമോ? ഇതിനായി ഇറങ്ങിപുറപ്പെട്ട നേതാവിന്‍റെ വിലാപകാവ്യമാണ് തൃക്കാക്കരയിലെ ഒരു ചർച്ച. പ്രസിഡന്‍റായശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പല്ലേ ഇച്ചിരി സെമി കേഡറാകട്ടെ കാര്യങ്ങൾ എന്നു ധരിച്ചിരിക്കുമ്പോഴാണ് എതിർപക്ഷത്തെ കേഡർ പാർട്ടിയുടെ ഒരുക്കങ്ങൾ കാണുന്നത്. ഇതോടെ ഒന്നു പതറിപ്പോയി. അതാണ് ഇപ്പോൾ വൈറലായി ഓടുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് പല പരാതിയും കേൾക്കാറുണ്ട്. സ്ഥാനാർഥിയുടെ പത്രികയിൽ തകരാറുണ്ട്. അപകീർത്തികരമായ പരാമർശം നടത്തി. പണം വാഗ്ദാനം ചെയ്തു എന്നൊക്കെ പലവിധ പരാതികൾ കാലാകാലങ്ങളായി ഉയരാറുണ്ട് . കോടതിയിലേക്കും തെരഞ്ഞെടുപ്പ് കമീഷനിലേക്കും ഒക്കെ അതെത്തും. എന്നാലും നേതാവിന്‍റെ പരിഭവം ലോക തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിരിക്കും.
തൃക്കാക്കര ഞങ്ങടെ സിറ്റിങ് സീറ്റല്ലെ എതിർ പാർട്ടിക്ക് എന്താ ഇവിടെ കാര്യം എന്നാണ് ചോദ്യം. മന്ത്രിമാരും എം.എൽ.എമാരും ഒക്കെ തൃക്കാക്കരയിൽ വന്ന് താമസിക്കുന്നു. മുഖ്യമന്ത്രി വന്ന് തമ്പടിച്ച് അവരുടെ പാർട്ടി സ്ഥാനാർഥിയെ ജയിപ്പിക്കാൻ നോക്കുന്നു. ഇവരെന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത്. എന്തിനാണിത്ര സാഹസം. എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നൊക്കെയാണ് ചോദ്യങ്ങൾ. പകച്ചുപോയി നാട്ടുകാരുടെ ബാല്യം!. കണ്ടാൽ കേഡറാണെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ഒരു ആറുവയസ്സുകാരനാണെന്ന് തോന്നിപ്പോകും കേൾക്കുമ്പോൾ. ചിട്ടയായി എണ്ണയിട്ടയന്ത്രം പോലെ പ്രവർത്തിക്കുന്നത് കൊണ്ടാണ് എതിർ പാർട്ടിക്കാരെ കേഡർ എന്നു പറയുന്നത്. സിറ്റിങ്സീറ്റിൽ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി മത്സരിക്കുന്നതെന്തിനാണെന്നൊക്കെ ചോദിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ സെമി കേഡർ നേതാവിന്‍റെ പാർട്ടിക്ക് എത്ര സീറ്റിൽ മത്സരിക്കാൻ പറ്റും. തെരഞ്ഞെടുപ്പല്ലേ. എല്ലാരും മത്സരിക്കട്ടേ. അതല്ലേ ജനാധിപത്യം.