നായുടെ കടിയേറ്റവർ ഭീതി മാറാതെ, സാന്ത്വനമില്ലാതെ...
text_fieldsഅങ്കമാലി: പലവിധ ലക്ഷ്യങ്ങളുമായി ടൗണിലെത്തിയ 20 ഓളം പേർക്കാണ് ശനിയാഴ്ച പേപ്പട്ടിയുടെ കടിയേറ്റത്. വിദ്യാർഥികൾ, കൂലിപ്പണിക്കാർ, ഓഫിസ് ജോലിക്കാർ, വിദ്യാർഥികൾ തുടങ്ങി വയോധികർ വരെ തെരുവ് നായുടെ ആക്രമണത്തിനിരയായി. കടിയേറ്റവർ ഉച്ചയോടെ പേവിഷബാധ വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയെങ്കിലും പലരും വേദന തിന്നാണ് നേരം വെളുപ്പിച്ചത്. കടിച്ച നായ്ക്ക് പേബാധയുണ്ടെന്ന് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഭീതി വർധിച്ചിരിക്കുകയാണ്.
ടൗണും പരിസരവും അടക്കിവാണ് തെരുവ് നായ്ക്കൾ
ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന അങ്കമാലി ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരു നടപടിയുമില്ലെന്നാണാക്ഷേപം. ആയിരക്കണക്കിന് ജനം തിങ്ങിനിറയുന്ന പ്രധാന പട്ടണമാണ് തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നത്. ചെമ്പന്നൂരിൽ വ്യവസായ മേഖലയിൽ കൂട്ടംകൂട്ടമായി തെരുവുനായ്ക്കൾ അലഞ്ഞു തിരിയുകയാണ്. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, നഗരസഭ ബസ് സ്റ്റാൻഡുകളിലടക്കം നായ്ക്കൾ വിഹരിക്കുന്നു. അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ എപ്പോഴും നായ്ക്കൂട്ടമുണ്ടാകും. പ്ലാറ്റ്ഫോമിൽ നിന്നു യഥാസമയം മാലിന്യം നീക്കം ചെയ്യാത്തതാണ് നായ്ക്കളുടെ ശല്യം കൂടാൻ കാരണമെന്നാണാക്ഷേപം.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും യാത്രക്കാർ നായ്ക്കളുടെ ആക്രമണത്തിനിരകളാകുന്നുണ്ടെങ്കിലും പരാതി പറയാതെ പോകുന്നതാണ് അധികൃതർക്ക് രക്ഷയാകുന്നത്. നഗരത്തിലും പരിസരങ്ങളിലും മാലിന്യം കുമിഞ്ഞ് കൂടുന്നതും നായ്ക്കളുടെ വിശപ്പ് മാറ്റാൻ സംവിധാനമൊരുക്കാത്തതും പട്ടണം നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നതിന്റെ കാരണങ്ങളായി നഗരവാസികളും യാത്രക്കാരും മറ്റും ചൂണ്ടിക്കാട്ടുന്നു.
ചമ്പന്നൂർ ഭാഗത്ത് 100 ഓളം തെരുവുനായ്ക്കളാണ് ജനജീവിതം തടസ്സപ്പെടുത്തുന്നത്. പലരും നഗരസഭ ഓഫിസിൽ പരാതി നൽകി മടുത്തുവെന്നാണ് പറയുന്നത്. 28,29,30 വാർഡുകളിലാണ് തെരുവുനായ്് ശല്യം അതി രൂക്ഷമായത്. ബൈക്ക് യാത്രക്കാരുടെ നേരെ നായ്ക്കൾ ചാടിവീണ് നിരന്തരം അപകടങ്ങളുണ്ടാകുന്നുണ്ട്. സൈക്കിളിനു പിന്നാലെ നായ്ക്കൾ ഓടിയെത്തുന്നതിനാൽ ഭീതിയോടെയാണു വിദ്യാർഥികൾ സ്കൂളിൽ പോകുന്നത്. വളർത്തു മൃഗങ്ങളെ ഉൾപ്പെടെ നായ്ക്കൾ ആക്രമിച്ചുകൊല്ലുന്നതും അപൂർവമല്ലാതായി. തെരുവു നായ്ക്കളെപിടികൂടുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യാത്തതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. പിടികൂടിയാലും മറ്റൊരിടത്തേക്കു മാറ്റുന്നതിന് അങ്കമാലിയിൽ ഷെൽട്ടർ സംവിധാനമില്ല.
അടിയന്തര ചികത്സ സഹായം നൽകും
ശനിയാഴ്ച അങ്കമാലി ടൗണിൽ തെരുവ് നായുടെ കടിയേൽക്കാനിടയായവർക്ക് അടിയന്തിര ചികിത്സ സഹായമായി 5000 രൂപ നൽകുമെന്ന് നഗരസഭ അധ്യക്ഷ റീത്തപോൾ പറഞ്ഞു. കടിയേറ്റവർക്ക് വിദഗ്ധ ചികിത്സയും മറ്റ് സഹായങ്ങളും നൽകുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു. പട്ടണത്തിൽ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടുന്നതിന് പാലക്കാട് നിന്ന് നായ്് പിടിത്തക്കാരെ വിളിച്ചുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായും നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

