തോപ്പുംപടി ഫിഷറീസ് ഹാർബർ പ്രവർത്തനം പ്രതിസന്ധിയിൽ; മൂന്ന് വർഷമായിട്ടും നവീകരണം ഇഴഞ്ഞുതന്നെ
text_fieldsജോലികൾ ഇഴഞ്ഞുനീങ്ങുന്ന കൊച്ചി ഫിഷറീസ് ഹാർബർ
മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാർബർ നവീകരണ ജോലികൾ കഴിഞ്ഞ മൂന്ന് വർഷമായി ആരംഭിച്ചിട്ടെങ്കിലും തുടങ്ങിയ ഇടത്തുതന്നെ. നേരിട്ടും അനുബന്ധമായും പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് കൊച്ചി ഫിഷറീസ് ഹാർബർ. അന്താരാഷ്ട്ര തലത്തിലേക്ക് ഹാർബറിനെ ഉയർത്തുന്നതുമായി ബന്ധപ്പെട്ട നവീകരണ ജോലികൾ ആരംഭിച്ചപ്പോൾ ഏവരും സന്തോഷത്തോടെയാണ് സ്വീകരിച്ചതെങ്കിൽ ഇപ്പോൾ നിലവിലുണ്ടായിരുന്ന ബോട്ടുകൾ പലതും അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടി ഹാർബർ വിട്ടുകഴിഞ്ഞു.
മൂന്ന് വർഷമായിട്ടും ഇതുവരെ 25 ശതമാനം നവീകരണ ജോലികൾ പോലും പൂർത്തിയായില്ലെന്ന് കൊച്ചി ഫിഷറീസ് ഹാർബർ സംരക്ഷണ സമിതി ചെയർമാൻ കെ.എം. റിയാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2022 മാർച്ചിൽ ടെൻഡർ ചെയ്ത് നവംബറിൽ തുടങ്ങിയ നവീകരണ ജോലികൾ ഇടക്കാലത്ത് പൂർണമായും സ്തംഭിച്ച അവസ്ഥയിലായിരുന്നു. പിന്നീട് ഹാർബർ വ്യവസായ സംരക്ഷണ സമിതിയുടെയും ഹാർബർ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്ന ശക്തമായ സമരത്തിനൊടുവിലാണ് ജോലികൾ പുനഃരാരംഭിച്ചത്.
ഡ്രഡ്ജിങ് സംബന്ധിച്ച് പല തവണ സമര സമിതി നേതാക്കൾക്ക് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും നടന്നില്ല. ഹാർബറിലെ വാർഫിന്റെ പകുതി ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ച ശേഷം കാര്യമായ ജോലികൾ നടക്കുന്നില്ലെന്നാണ് പറയുന്നത്. ഇതാണ് ഹാർബറിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 2022ൽ നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്താൻ എത്തിയ അന്നത്തെ കേന്ദ്രമന്ത്രി 2024 ജനുവരിയിൽ പുതുവത്സര സമ്മാനമായി ഹാർബർ നവീകരണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.
2021-’22ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഒന്ന് കൊച്ചി ഹാർബറായിരുന്നു. 140 കോടിയുടെ പദ്ധതിയിൽ ആധുനിക മത്സ്യശേഖരണ സംവിധാനങ്ങളും കയറ്റിറക്ക് സൗകര്യങ്ങളും ശുചിമുറി, വിശ്രമ കേന്ദ്രം, താപനില നിയന്ത്രിത ലേല കേന്ദ്രം, പാക്കിങ് യൂനിറ്റുകൾ ഉൾപ്പടെ ഹാർബറിനെ ആധുനികവൽക്കരിക്കാൻ തക്ക പദ്ധതിയാണ് ഉണ്ടായിരുന്നത്. പദ്ധതി പ്രഖ്യാപന സമയത്ത് കേന്ദ്ര ഫിഷറീസ് മന്ത്രിയും പിന്നീട് ഫിഷറീസ് സെക്രട്ടറിയുമടങ്ങിയ ഉന്നതതല സംഘം പലകുറി ഹാർബർ സന്ദർശിച്ചിരുന്നു.
വാർഫ് പൊളിച്ചതിനാൽ ട്രോളിങ് നിരോധനത്തിന് ശേഷം ബോട്ടുകൾ അടുക്കുന്നതിനും ലേലം ചെയ്യുന്നതിനും വലിയ പ്രതിസന്ധിയാണുള്ളത്. ഡ്രഡ്ജിങ് നടക്കാത്തതും വലിയ പ്രശ്നമാണ്. ഇത് ബോട്ടുകൾ കൊച്ചി ഫിഷറീസ് ഹാർബർ വിടുന്നതിന് കാരണമാകുകയാണ്. ഒന്നാം ഘട്ട നിർമാണങ്ങൾ ഈ മാസം 15നകം പൂർത്തിയാക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ പോർട്ട് അധികാരികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹൈബി ഈഡൻ എം.പിയുടെ അധ്യക്ഷതയിൽ കൂടിയ സെപ്റ്റംബർ എന്നാണ് പറഞ്ഞത്. ഇത് വ്യക്തതയില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയുമാണെന്ന് സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഹാർബറിന്റെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പുതിയ സീസൺ ആരംഭിക്കുന്ന ആഗസ്റ്റ് ഒന്നിനകം പൂർത്തീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം പോർട്ട് ഓഫിസ് ഉപരോധം, അഴിമുഖ ഉപരോധം, പോർട്ടിന്റെ ഇരുകവാടങ്ങൾ ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആദ്യ പടിയായി ഈ മാസം 18ന് ഹാർബർ എ.ടി.എം ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്നും കൊച്ചി ഫിഷറീസ് ഹാർബർ സംരക്ഷണ സമിതി ചെയർമാൻ കെ.എം. റിയാദ്, കെ.ബി. ഉമ്മർ, സി.ബി. റഷീദ്, വി.എ. ആഷിക്ക്, കെ.എ. അബ്ദുൽ നിസാർ, എ.എസ്. സിദ്ധീഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

