മാനമ്പാടി കപ്പേളയിൽ മോഷണം; സ്വർണംപൂശിയ കിരീടവും മാലയും കവർന്നു
text_fieldsവരാപ്പുഴ: പുത്തൻപള്ളി മാനമ്പാടിയിലെ ഉണ്ണീശോയുടെ കുരിശുപള്ളിയിൽ മോഷണം. രൂപത്തിൽ ചാർത്തിയിരുന്ന സ്വർണം പൂശിയ കിരീടവും മാലയും കവർന്നു. കുരിശുപള്ളിയുടെ ഇരുമ്പുഗ്രില്ലിന്റെ താഴ് പൊട്ടിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത്. പിന്നീട്, സമീപത്തെ പറമ്പിൽനിന്ന് കണ്ടെത്തിയ രൂപം ഇടവക വികാരി ഫാ. അലക്സ് കാട്ടേഴത്തിന്റെ നേതൃത്വത്തിൽ പുനഃപ്രതിഷ്ഠിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. കാലങ്ങളായി കുരിശുപള്ളി രാവിലെ തുറക്കുന്ന ജൂഡ്സൺ പുതുശ്ശേരിയാണ് രൂപം മോഷ്ടിക്കപ്പെട്ട വിവരം ആദ്യമറിഞ്ഞത്. ഉടൻ പള്ളിയിലും പൊലീസിലും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉണ്ണീശോയുടെ രൂപം കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു.
ഇവിടെയുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിട്ടില്ല. വരാപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

