അവസാന ശമ്പളം നിരാലംബർക്ക് നൽകി വില്ലേജ് ഓഫിസർ പടിയിറങ്ങി
text_fieldsസർവിസിൽനിന്ന് വിരമിച്ച വില്ലേജ് ഓഫിസർ ഷാന്റോ ജോസിന് അൻവർ സാദത്ത് എം.എൽ.എയുടെ സാന്നിധ്യത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
ചെങ്ങമനാട്: രണ്ടുപതിറ്റാണ്ടിലേറെ സേവനത്തിന്റെ മാതൃക തുടർന്ന ചെങ്ങമനാട് വില്ലേജ് ഓഫിസർ ഷാന്റോ ജോസ് തന്റെ അവസാനമാസ ശമ്പളം നിരാലംബർക്ക് വിതരണംചെയ്ത് പടിയിറങ്ങി. മാണിക്കമംഗലം കോലഞ്ചേരി വീട്ടിൽ പരേതനായ ജോസിെൻറയും മേഴ്സിയുടെയും മകനായ ഷാന്റോ 2001ലാണ് റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്കായി പ്രവേശിച്ചത്.
തുടക്കംകുറിച്ച ആലുവ താലൂക്കാഫിസിൽ നിന്നാണ് വിരമിച്ചതും. ആലുവ താലൂക്കിലെ 18 വില്ലേജ് ഓഫിസുകളിലെ 12 വില്ലേജ് ഓഫിസുകളിലും ഷാന്റോ ജോലി ചെയ്തിട്ടുണ്ട്. വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത് വയനാട്ടിലേക്കുള്ള സ്ഥലം മാറ്റത്തോടൊപ്പമാണ്.
മറക്കാനാകാത്ത ഒരുപാട് ഓർമകളുമായി വയനാട്ടിൽനിന്ന് സ്വന്തം ജില്ലയിൽ തിരിച്ചെത്തിയപ്പോൾ 2018ലെ മഹാപ്രളയമായിരുന്നു കാത്തിരുന്നത്. പ്രളയം വിഴുങ്ങിയ ഗ്രാമങ്ങളിലൂടെ ജനപ്രതിനിധികളോടൊപ്പം വിശപ്പും ദാഹവും സഹിച്ച് ഉറക്കമൊഴിച്ച് അതിസാഹസിക സേവനമാണ് അർപ്പിച്ചത്.
പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ജനകീയ യാത്രയയപ്പ് നൽകി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, അംഗങ്ങളായ ലത ഗംഗാധരൻ, നൗഷാദ് പാറപ്പുറം, ഇ.ഡി. ഉണ്ണികൃഷ്ണൻ, കക്ഷി നേതാക്കളായ പി.ആർ. രാജേഷ്, കെ.എം. അബ്ദുൽഖാദർ, നിഷ തുരുത്ത്, ജോഷി നെടുവന്നൂർ, കെ. സുരേഷ്, തഹസിൽദാർ സുനിൽ മാത്യു, നാരായണൻ പീച്ചോളിൽ, കെ.എച്ച്. സാദിക്ക് തുടങ്ങിയവർ സംസാരിച്ചു.