മത്സ്യബന്ധന ബോട്ട് ഇടിച്ച് ടൂറിസ്റ്റ് ജെട്ടി തകർന്നു
text_fieldsമത്സ്യബന്ധന ബോട്ട് ഇടിച്ചുതകർത്ത ഫോർട്ട്കൊച്ചിയിലെ യാത്രാബോട്ട് ജെട്ടി. മത്സ്യബന്ധന യാനങ്ങൾ ജെട്ടിയിൽ അടുപ്പിക്കരുതെന്ന കലക്ടറുടെ ഉത്തരവും കാണാം
ഫോർട്ട്കൊച്ചി: അമിതവേഗത്തിലെത്തിയ മത്സ്യബന്ധന ബോട്ടിടിച്ച് ഫോർട്ട്കൊച്ചി കമാലക്കടവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടി തകർന്നു. വെള്ളിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. എടവനക്കാട് സ്വദേശി ജയദീപിന്റെ ഉടമസ്ഥതയിലുള്ള ഉമ മഹേശ്വരൻ ബോട്ടാണ് നിയന്ത്രണം വിട്ട് ജെട്ടി തകർത്തത്.
ജെട്ടിയുടെ മേൽക്കൂര, തൂണുകൾ, പ്ലാറ്റ്ഫോം എന്നിവ ഭാഗികമായി തകർന്നു. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവ അടുപ്പിക്കുന്ന ജെട്ടിയാണിത്. തൊഴിലാളികളെ കയറ്റാനെത്തിയതായിരുന്നു ബോട്ട്. അപകടം നടന്നയുടൻ സംഭവസ്ഥലത്തുനിന്ന് ബോട്ട് മാറ്റിക്കളഞ്ഞു. സമീപത്തെ പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യത്തിൽനിന്നാണ് ബോട്ട് തിരിച്ചറിഞ്ഞത്.
തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലിൽ ബോട്ട് മുനമ്പം യാർഡിൽനിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ജെട്ടിയിൽ മത്സ്യബന്ധന യാനങ്ങൾ പിടിക്കരുതെന്ന് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നോട്ടീസും ജെട്ടിയിൽ പതിച്ചിട്ടുണ്ട്.
എന്നാൽ, മത്സ്യബന്ധന യാനങ്ങൾ ഇവിടെ പിടിക്കുന്നതും വലകൾ കയറ്റിയിറക്കുന്നതും പതിവാണ്. ഇതുമൂലം മിക്കപ്പോഴും യാത്രാബോട്ടുകൾ അടുപ്പിക്കാനാവാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പൊലീസ് കണ്ണടക്കാറാണ് പതിവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജെട്ടിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

