കറ്റാനം: കട്ടച്ചിറയിൽ വീട് തകർത്ത് മോഷണത്തിന് എത്തിയവർക്ക് കിട്ടിയത് 1000 രൂപ മാത്രം. സ്വർണം കൈക്കലാക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
കട്ടച്ചിറ കുറുമുളത്ത് വിജയൻ ഉണ്ണിത്താെൻറ വീട്ടിൽ കവർച്ചക്ക് എത്തിയവർക്കാണ് 1000 രൂപകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. മുൻവശത്തെ ഇരുമ്പുഗ്രില്ലും അഞ്ച് വാതിലും തകർത്താണ് വീട്ടിലേക്കും മുറികളിലേക്കും കടന്നത്.
ഇവിടെയുണ്ടായിരുന്ന നാല് അലമാരയും കുത്തിത്തുറന്ന് പരിശോധിച്ചു. കട്ടിലിനടിയിലെ ലോക്കർ തകർക്കാൻ ആവത് ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതാണ് കള്ളന്മാർക്ക് തിരിച്ചടിയായത്.
ഇതുകാരണം ലോക്കറിലുണ്ടായിരുന്ന 12 പവനും സുരക്ഷിതമായി അവിടെതന്നെയിരുന്നു. ഒടുവിൽ അലമാരയിലെ പഴ്സിൽനിന്ന് കിട്ടിയ 1000 രൂപയിൽ തൃപ്തിപ്പെടേണ്ടിവരുകയായിരുന്നു. വള്ളികുന്നം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.