ജീവനക്കാർ മുന്നിട്ടിറങ്ങി; അതിവേഗം വൈദ്യുതിയെത്തി
text_fieldsഅങ്കമാലി: ചുഴലിക്കാറ്റ് ദുരിതം വിതച്ച അങ്കമാലി മേഖലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച വൈദ്യുതി വകുപ്പിന്റെയും ജീവനക്കാരുടെയും ഇടപെടല്‍ ശ്ലാഘനീയമായി. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് അങ്കമാലിയിലും പ്രാന്ത പ്രദേശങ്ങളിലും അപ്രതീക്ഷിത ചുഴലിക്കാറ്റും അതിശക്ത മഴയുമുണ്ടായത്. ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും തകര്‍ന്നു. സമീപകാലത്ത് ഇതാദ്യമായാണ് അങ്കമാലിയില്‍ ഇത്തരത്തിലൊരു മഴക്കെടുതിയുണ്ടായത്. അഗ്നിരക്ഷാ സേനയോടൊപ്പം വൈദ്യുതി വകുപ്പ് ജീവനക്കാരും കരാര്‍ തൊഴിലാളികളുമടക്കം രക്ഷാപ്രവര്‍ത്തനത്തിന് രംഗത്ത് വന്നെങ്കിലും നാശം തീവ്രമായിരുന്നു. 70ലേറെ എല്‍.ടി വൈദ്യുതി പോസ്റ്റുകളും 16ഓളം എച്ച്.ടി പോസ്റ്റുകളും 11 കെ.വി ലൈനുകളും അനുബന്ധ സംവിധാനങ്ങളും തകര്‍ന്നു. 80ഓളം ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി.
ഇവയെല്ലാം അറ്റകുറ്റപ്പണി തീര്‍ത്ത് എണ്ണായിരത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് കണ്ടെത്തിയതോടെ അവര്‍ യഥാര്‍ഥ സേവകരായി മാറുകയായിരുന്നു. പെരുമ്പാവൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം ഓഫിസര്‍മാരും ജീവനക്കാരും കരാര്‍ തൊഴിലാളികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. രാപ്പകല്‍ വിശ്രമമില്ലാതെ 50ഓളം പേരാണ് വിവിധ പ്രദേശങ്ങളില്‍ ജോലിയിൽ ഏര്‍പ്പെട്ടത്. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്ന് പരിശീലനം ലഭിച്ച സന്നദ്ധ സേനാംഗങ്ങളും വൈദ്യുതി പുനഃസ്ഥാപന ജോലിയില്‍ പങ്കാളികളായി.
ബുധനാഴ്ച വൈകീട്ടും ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടെങ്കിലും അതെല്ലാം അവഗണിച്ച് അവർ പണിയെടുത്തു. അതിന്റെ ഫലമായി 16 മണിക്കൂറിനകം 86 ശതമാനത്തിലധികം തകരാറുകളും പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞു.