പണി മുടക്കി റോ റോ; സേതു സാഗർ-2 വെസലാണ് തകരാറിലായത്
text_fieldsറോ-റോ തകരാറിലായതിനെ തുടർന്ന് കമാലക്കടവ് ജങ്കാർ ജെട്ടിയിൽ വാഹനങ്ങളുടെ നീണ്ട നിര
രൂപപ്പെട്ടപ്പോൾ
ഫോർട്ട്കൊച്ചി: വൈപ്പിൻ - ഫോർട്ട്കൊച്ചി കരകളെ ബന്ധിപ്പിച്ച് അഴിമുഖത്ത് സർവിസ് നടത്തുന്ന രണ്ട് റോ റോ വെസലുകളിൽ ഒന്ന് തകരാറിലായതോടെ യാത്രക്കാർ ദുരിതത്തിലായി. സേതു സാഗർ - 2 എന്ന വെസലാണ് ചൊവ്വാഴ്ച ഉച്ചയോടെ തകരാറിലായത്. പ്രധാന എൻജിന്റെ സോളിനോയിഡ് കത്തി പോയതാണ് സർവിസ് നിർത്തി വെക്കാൻ കാരണമായി അധികൃതർ പറയുന്നത്.
തകരാറിലായ വെസൽ അറ്റകുറ്റ പണികൾക്കായി മാറ്റി. ഇതോടെ സേതു സാഗർ ഒന്ന് റോ റോ വെസൽ മാത്രമാണ് മേഖലയിൽ സർവിസ് നടത്തുന്നത്. ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് മറുകര കടക്കാൻ ഇരു കരകളിലുമായി മണിക്കൂറുകൾ കാത്തുകിടന്നത്.
നേരത്തേ വാഹനങ്ങളിലല്ലാതെയുള്ള യാത്രക്കാർക്ക് മറുകര കടക്കാൻ ഫോർട്ട്ക്യൂൺ എന്ന ബോട്ടുണ്ടായിരുന്നു. എന്നാൽ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഇപ്പോൾ ഈ ബോട്ട് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. നിലവിൽ സർവിസ് നിർത്തി വെച്ച റോ റോയുടെ തകരാർ പരിഹരിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്.

