അകത്ത് ഐക്യവും പുറത്ത് പോരാട്ടവും
text_fieldsഎട്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ദ്വിലീപ് കപ്രശ്ശേരിയും ഒമ്പതാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി. പ്രമോദ്കുമാറും
ചെങ്ങമനാട്: ഒരേ കുടുംബത്തിലെ സഹോദരങ്ങൾ ഇരുമുന്നണിയിലെയും സ്ഥാനാർഥികളായി മത്സരിക്കുന്ന ചെങ്ങമനാട് പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽ ഇത്തവണ പൊരിഞ്ഞ പോരാട്ടമാകും. നെടുവന്നൂർ മാനാട്ടുംപടി ചൂരമ്പിള്ളിവീട്ടിൽ പുരുഷോത്തമൻ നായർ-തങ്കമ്മ ദമ്പതികളുടെ മക്കളായ ദിലീപ് കപ്രശ്ശേരിയും സി.പി. പ്രമോദ്കുമാറുമാണ് (രഘു) തൊട്ടടുത്ത വാർഡുകളിലായി മത്സരിക്കുന്നത്. എട്ടാം വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ദിലീപ് മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ടുതവണ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.
മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന ദിലീപ് നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കെയാണ് വീണ്ടും കൈപ്പത്തി ചിഹ്നത്തിൽ മത്സരരംഗത്തുള്ളത്. അതേസമയം, നിലവിൽ സി.പി.എം നെടുവന്നൂർ ബ്രാഞ്ച് സെക്രട്ടറിയായ പ്രമോദ്കുമാറിന്റേത് കന്നിപോരാട്ടമാണ്. ഓട്ടോ തൊഴിലാളി യൂനിയൻ-സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പ്രമോദ്കുമാർ തുടക്കം മുതൽ സി.പി.എമ്മിന്റെ സജീവപ്രവർത്തകനാണ്.
ചുറ്റിക അരിവാൾ നക്ഷത്രത്തിലാണ് മത്സരിക്കുന്നത്. പുരുഷോത്തമൻ നായരുടെ നാലു മക്കളും വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ളവരാണ്. മൂത്ത മകൻ പ്രദീപും ഇളയമകൻ പ്രതാപും ബി.ജെ.പി പ്രവർത്തകരുമാണ്. പ്രദീപിന് പാർട്ടി ഭാരവാഹിത്വമില്ല. അതേ സമയം, പ്രതാപ് ബി.ജെ.പിയുടെ പഞ്ചായത്ത് സെക്രട്ടറിയാണ്.
പൊതുരംഗത്ത് ചൂടേറും സജീവ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് മക്കളെങ്കിലും കുടുംബത്തിനകത്ത് രാഷ്ട്രീയ ചർച്ചയോ, വേർതിരിവുകളോ, വഴക്കോ, പിണക്കമോ ഉണ്ടാകാറില്ലെന്ന് തങ്കമ്മ പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി മക്കൾ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത് ‘സന്ദേശം’ സിനിമയെയാണ് അനുസ്മരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

