വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയിലെ പകര്‍ച്ചവ്യാധി പ്രതിരോധ വാര്‍ഡ് പ്രവർത്തനക്ഷമമാക്കണം
text_fieldsവെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഐസലേഷന്‍ വാര്‍ഡ്
പെരുമ്പാവൂര്‍: സാംക്രമിക രോഗ ബാധിതരെ മാറ്റി പാര്‍പ്പിക്കാൻ വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് നിര്‍മിച്ച പ്രതിരോധ വാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യമുയരുന്നു.
ഒന്നര കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനം നടത്തി ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും കെട്ടിടം കാട് കയറി നശിക്കുകയാണെന്നും മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ആരോപിച്ചു.
എല്ലാ നിയോജക മണ്ഡലത്തിലും പകര്‍ച്ചാവ്യാധി പ്രതിരോധ കേന്ദ്രം സ്ഥാപിക്കുക എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിര്‍മിച്ച കെട്ടിടം 2024 ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തിരുന്നു.
10 കിടക്കകളുള്ള വാര്‍ഡ് ആയതോടെ അടിയന്തിര ഘട്ടത്തില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നവരെ മാറ്റി പാര്‍പ്പിക്കാനും വിദഗ്ധ ചികില്‍സ നല്‍കാനും കഴിയുമെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഉദ്ഘാടനം ചെയ്ത് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളളവരെ നിയമിച്ചിട്ടില്ല. നിയോജക മണ്ഡലത്തിലെ ഐസൊലേഷന്‍ വാര്‍ഡുകൂടി ഉള്‍പ്പെടുന്ന വെങ്ങോല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികില്‍സ ഇല്ലാത്തതിനാൽ വൈകീട്ട് ആറ് കഴിഞ്ഞാല്‍ ആശുപത്രി പൂട്ടുകയാണ്.
ആശുപത്രിയില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്. മാത്രമല്ല ലക്ഷങ്ങള്‍ മുടക്കി പുതിയ കെട്ടിടം നിര്‍മിച്ച കേന്ദ്രത്തിന്റെ പഴയ കെട്ടിടം കാലകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതുമൂലം ഭിത്തികളില്‍ ആല്മരത്തൈകളും സസ്യങ്ങളും വളര്‍ന്ന് നില്‍ക്കുകയാണ്. ഐസലേഷന്‍ വാര്‍ഡ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആശുപത്രിയില്‍ മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ഉറപ്പാക്കി കിടത്തി ചികില്‍സ പുന:രാരംഭിക്കമെന്നും മാനവദീപ്തി കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വര്‍ഗിസ് പുല്ലുവഴി അധ്യക്ഷത വഹിച്ചു. ശിവന് കദളി, എം.കെ. ശശീധരന് പിള്ള, കെ.വി. മത്തായി, കെ. മാധവന് നായര്‍, ടി.എ. വര്‍ഗീസ്, സി.കെ. പ്രസന്നന്, ആര്. സര്‍വ്വോത്തമന്‍, പി.കെ. വര്‍ക്കി, ജി. ശിവരാമന് നായര്‍, കെ.എം. പരീക്കുട്ടി, എം. കൃഷ്ണന്‍കുട്ടി, പ്രദീപ് കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

