വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വര്‍ണവുമായി കടന്ന യുവാവ് പിടിയിൽ
text_fieldsമൂവാറ്റുപുഴ: തലക്കറക്കം അഭിനയിച്ച് വെള്ളം ചോദിച്ചെത്തിയ ശേഷം വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വര്‍ണാഭരണങ്ങളുമായി കടന്ന പ്രതിയെ കല്ലൂര്‍ക്കാട് പൊലീസ് പിന്തുടർന്ന് പിടികൂടി. വെള്ളിയാഴ്ച രാവിലെ കല്ലൂർക്കാട് തഴുവംകുന്നിലാണ് വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ചശേഷം പണവും സ്വർണാഭരണങ്ങളുമായി കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മരിയത്തുരുത്ത് ശരവണവിലാസത്തില്‍ ഗിരീഷിനെയാണ് (35) പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. തഴുവന്‍കുന്ന് ഭാഗത്ത് താമസിക്കുന്ന ജ്വല്ലറിയുടമയുടെ വീട്ടില്‍ എത്തിയ പ്രതി മെഡിക്കല്‍ റെപ്പാണെന്നും പ്രഷര്‍ കൂടിയതിനാല്‍ അല്പം വെള്ളം വേണമെന്നും വീട്ടമ്മയോട് ആവശ്യപ്പെടുകയായിരുന്നു.
മാന്യമായ വേഷം ധരിച്ചെത്തിയ യുവാവിനെക്കണ്ട് വീട്ടമ്മക്ക് സംശയം തോന്നിയില്ല. അകത്തേക്കുപോയ വീട്ടമ്മയെ പിന്തുടര്ന്നെത്തിയ യുവാവ് കത്തികൊണ്ട് കുത്തിവീഴ്ത്തി ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലിട്ടടച്ച് വീട്ടിലുണ്ടായ സ്വര്‍ണവും പണവുമായി കടന്നുകളഞ്ഞു. അല്പസമയം കഴിഞ്ഞ് മുറിയില്‍നിന്ന് പുറത്തെത്തിയ വീട്ടമ്മ കല്ലൂര്‍ക്കാട് സി.ഐ കെ.ജെ. പീറ്ററിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ സി.ഐ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുവന്ന കാറില്‍ ഒറ്റക്കാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്ന് വിവരം ലഭിച്ചു.
ജില്ലയിലേക്ക് മുഴുവന്‍ സന്ദേശമയച്ചതിനെത്തുടര്‍ന്ന് പോത്താനിക്കാട് ഭാഗത്തേക്ക് കാര്‍ പോയെന്നറിഞ്ഞ് എസ്.ഐ നോബിള്‍ മാനുവലിെൻറ നേതൃത്വത്തില്‍ മറ്റൊരു സംഘം കാറിനെ പിന്തുടര്ന്നു. തുടര്‍ന്ന് സിനിമ ചെയ്സിനെ വെല്ലുന്ന രീതിയില്‍ കാര്‍ പിന്തുടര്ന്ന് മണിക്കൂറുകള്‍ക്കകം സാഹസികമായി പിടികൂടുകയായിരുന്നു.
എസ്.എച്ച്.ഒമാരായ കെ.ജെ. പീറ്റര്‍, നോബിള്‍ മാനുവല്‍, എസ്.ഐമാരായ ടി.എം. സൂഫി, രാജു, എ.എസ്.ഐ സജി, എസ്.സി.പി.ഒമാരായ ജീമോന്‍ ജോര്‍ജ്, ബിനോയി പൗലോസ്, രതീശന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തെ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

