ഇല്ലാതായി കടൽതീരം; ‘ഗേറ്റ് വേ ഹാർബർ’ എന്ന വൻ പദ്ധതിയും നടന്നില്ല
text_fieldsകടലെടുത്ത് ഇല്ലാതായ കടപ്പുറം
ഫോർട്ടുകൊച്ചി: തീരം കവരുന്ന കടൽ പ്രതിഭാസം തുടരുമ്പോഴും തീരം സംരക്ഷണത്തിനുള്ള പഠന റിപ്പോർട്ട് പുഴ്ത്തിവെച്ച നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. ഏറെ ചരിത്ര ശേഷിപ്പുകളും വിശേഷണങ്ങളുമുള്ള കൊച്ചി മഹാത്മാഗാന്ധി കടപ്പുറം കടലേറ്റത്തിൽ ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട അവസ്ഥയാണ്. മൂന്ന് പതിറ്റാണ്ടിനിടെ ഏകദേശം 200 ഏക്കറിലെറെ തീരമാണ് കടൽകയറ്റത്തിലുടെ നഷ്ടമായത്.
കടപ്പുറത്തും സമീപ പ്രദേശങ്ങളിലുമായി ഇതിനകം ഈ കാലയളവിൽ ടൂറിസം, പൈതൃക സംരക്ഷണം, സൗന്ദര്യവൽകരണം , മത്സ്യ ബന്ധന സൗകര്യം, സ്മാർട്ട് സിറ്റി തുടങ്ങി വിവിധ വികസന പദ്ധതികളിലുടെ നുറു കോടിയിലേറെ രൂപയാണ് സർക്കാറും ജില്ല ടൂറിസം ഏജൻസികളും ചെലവഴിച്ചിട്ടുള്ളത്. ഇതിനിടെ ‘ഗേറ്റ് വേ ഹാർബർ’ എന്ന വൻ പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും നടന്നില്ല. കൊച്ചി അഴിമുഖത്ത് നിന്നുള്ള അടിയൊഴുക്കിന്റെ ദിശ മാറ്റം, ചെല്ലാനം വരെയുള്ള തീരപ്രദേശത്ത് ശക്തമായ കടൽ കയറ്റത്തിനിടയാക്കുകയും കര കടലെടുക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.
ജനകീയ പ്രതിഷേധമുയർന്നതോടെ സർക്കാർ തലത്തിൽ തീര സംരക്ഷണത്തിനായുള്ള പഠനത്തിനായി മദ്രാസ് ഐ.ഐ.ടി യെ നിയോഗിച്ചു. 2021 ൽ കടൽകയറ്റ കാരണങ്ങളും നിർദേശങ്ങളുമടങ്ങുന്ന പഠന റിപ്പോർട്ട് ഐ.ഐ.ടി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. 90 പേജുള്ള റിപ്പോർട്ട് വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയാണ്. കടൽ കര കവർന്നതോടെ തീരദേശം കേന്ദ്രീകരിച്ചുള്ള കായിക പദ്ധതികളും നിലച്ചു.
ബീച്ച് ഫുട്ബോൾ, ബീച്ച് ബൈക്ക് റെയ്സ്, ഗാട്ടാ ഗുസ്തി മത്സരം തുടങ്ങിയവയും ,പുതുവർഷത്തോടനുബന്ധിച്ചുള്ള പപ്പാഞ്ഞിയെ കത്തിക്കൽ പോലും കടൽ തീരത്ത് നിന്ന് മാറ്റേണ്ടി വന്നു. ജനാകർഷകമായ ഒട്ടേറെ കായിക വിനോദങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റുകയും, ചിലത് ഇല്ലാതാകുകയും ചെയ്തു. ടൂറിസം മേഖലയിലെ സംഘടനകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും അവയെല്ലാം ഭരണകൂടം കേട്ടില്ലെന്ന് നടിക്കുകയാണ്. കൊച്ചി കാണാനെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കടൽ തീരം. ഇത് വീണ്ടെടുക്കണമെന്ന് ടൂറിസ്റ്റ് ഗൈഡുകളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

