മാലിന്യം ഒഴുക്കുന്നത് തുടരുന്നു; നാശത്തിന്റെ വക്കിലേക്ക് തുമ്പിച്ചാൽ
text_fieldsതുമ്പിച്ചാൽ ജലസംഭരണി
കീഴ്മാട്: ജില്ലയിലെ വലിയ പ്രകൃതിദത്ത ജലസംഭരണികളിൽ ഒന്നായ കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണിയിലേക്കുള്ള മാലിന്യമൊഴുക്ക് അറുതിയില്ലാതെ തുടരുന്നു. ഇതുമൂലം തുമ്പിച്ചാൽ നാശത്തിന്റെ വക്കിലാണ്. സമീപത്തെ വ്യവസായ മേഖലയിൽ നിന്നടക്കം രാസ മാലിന്യം ഉൾപ്പെടെ ചാലിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതുമൂലം തുമ്പിച്ചാലിൽ പല സമയങ്ങളിലും മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് പതിവാണ്. 2022 ഒക്ടോബറിൽ വൻതോതിൽ മാലിന്യം ഒഴുകിയത് മൂലം തുമ്പിച്ചാലിലെ മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങുകയും പുല്ലും താമരയും അടക്കം കരിഞ്ഞുണങ്ങുകയും ചെയ്തിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ അടക്കം പരിശോധിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുമ്പിച്ചാലിൽ നിന്നുള്ള വെള്ളത്തിൽ കയ്യും കാലും കഴുകുമ്പോൾ പലപ്പോഴും ശക്തമായ ചൊറിച്ചിലാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാരും കർഷകരും പറയുന്നു. നാലാം മൈൽ വ്യവസായ മേഖലകളിൽനിന്നാണ് മാലിന്യം ഒഴുക്കുന്നതെന്നാണ് പ്രധാന ആരോപണം.
ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം നടന്ന ആറാം വാർഡ് ഗ്രാമസഭയിൽ കർഷകരായ കോട്ടായി രവീന്ദ്രൻ, മരത്താംകുടി സുരേന്ദ്രൻ എന്നിവർ ഉന്നയിച്ചിരുന്നു. തുമ്പിച്ചാലിലേക്ക് മാലിന്യമൊഴുക്കുന്നത് തടയുന്നതിന് അടിയന്തര നടപടി ഉണ്ടാവണമെന്ന് ആറാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഞ്ചായത്ത് ഇടപെട്ടിട്ടുണ്ടെന്നും ഗ്രാമസഭയിൽ നിന്ന് ഉയർന്ന് വന്ന വിഷയങ്ങളിൽ അടിയന്തര നടപടി ഉണ്ടാവുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

