ആലുവ - പറവൂർ പാതയരികിലെ കൈയേറ്റങ്ങൾ പൊളിച്ചടുക്കി
text_fieldsകരുമാല്ലൂർ: തിരക്കേറിയ ആലുവ - പറവൂർ പാതയരികിലെ കൈയേറ്റങ്ങൾ പൊളിച്ചുനീക്കി തുടങ്ങി. ആനച്ചാൽ മുതൽ തട്ടാംപടി വരെയുള്ള കൈയേറ്റങ്ങളാണ് വ്യാഴാഴ്ച രാവിലെ മുതൽ നീക്കിയത്. റോഡുകളുടെ ഇരുഭാഗത്തുമുള്ള ഒട്ടേറെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ആലുവ അസി. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒഴിപ്പിച്ചത്. രണ്ടാഴ്ച മുമ്പേ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും നീക്കാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി പൊളിച്ചത്. ആനച്ചാൽ, മനയ്ക്കപ്പടി, തട്ടാംപടി, മരോട്ടിച്ചുവട് എന്നിവിടങ്ങളിലെ പത്തോളം അനധികൃത ഷെഡുകൾ പൊളിച്ചുനീക്കി. മറ്റുള്ളവർക്ക് വീണ്ടും നോട്ടീസ് നൽകി. കൂടാതെ റോഡിലേക്ക് തള്ളി നിർമിച്ചിട്ടുള്ള ഷീറ്റുകളും ചാർത്തുകളും പൊളിച്ചുനീക്കാൻ സഹകരണ സ്ഥാപനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ആലുവ-പറവൂർ റോഡിന്റെ ഇരുവശത്തുമുള്ള ബാക്കി കൈയേറ്റങ്ങൾകൂടി സ്വയം പൊളിച്ചുനീക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിൽ വാഹനാപകടങ്ങളും ജീവഹാനിയും നിത്യസംഭവമായതിനെ തുടർന്നാണ് അധികൃതർ കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ രംഗത്ത് വന്നത്. അതേസമയം, അനധികൃത നിർമാണങ്ങൾ ഉടമകൾ പൊളിച്ചുനീക്കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

