ഒഴിപ്പിക്കൽ നീക്കം; പ്രതിഷേധം ശക്തമാക്കി മലയിടംതുരുത്ത് പര്യത്ത് കോളനിവാസികൾ
text_fieldsമലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനിയിലെ വീടുകളിലൊന്ന്
കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനി ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കി കോളനിവാസികൾ. ചൊവ്വാഴ്ച മുതൽ വിവിധ സംഘടനകളുടെ പിന്തുണയോടെ പന്തൽ കെട്ടി സമരം ആരംഭിക്കാനാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് അഡ്വക്കറ്റ് കമീഷെൻറ നേതൃത്വത്തിൽ താലൂക്ക് സർവേയർ ഉൾപ്പെടെയെത്തി കഴിഞ്ഞ വ്യാഴാഴ്ച പൊളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തൽക്കാലം നിർത്തുകയായിരുന്നു. ശനിയാഴ്ചക്കുള്ളിൽ എല്ലാവരും ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ട് കുടുംബമാണ് ഇവിടെ താമസിക്കുന്നത്. തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ. 50 വര്‍ഷം മുമ്പാണ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപെട്ട കാളുകുറുമ്പന് കൈയേറിയിരിക്കുന്നതായി കാണിച്ച് മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന് നായര്‍ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിയിക്ക് വേണ്ടിയുള്ള നിയമയുദ്ധം സുപ്രീംകോടതിവരെ നീണ്ടു. വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണം.
തങ്ങളുടെ പൂർവികരിൽനിന്ന് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മക്കൾ പറയുന്നു. 30 വര്‍ഷം മുമ്പാണ് 80 വയസ്സുണ്ടായിരുന്ന കാളുകുറുമ്പൻ മരിച്ചത്. പിന്നീട് കോളനിവാസികളും നിലനില്പിനായി നിയമനടപടികളുമായി മുന്നോട്ട് പോയി. ഇതിനിടെ ശങ്കരന് നായരും മരിച്ചു. അതോടെ ശങ്കരന് നായരുടെ പെണ്മക്കളുടെ മക്കളാണ് കേസ് ഏറ്റെടുത്ത് നടത്തിയത്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഇനിയെന്തും ചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ. ജനിച്ച മണ്ണില്‍നിന്ന് തങ്ങളെ ആട്ടിപ്പായിച്ചാല്‍ ആത്മഹത്യല്ലാതെ മാര്‍ഗമില്ലെന്നാണ് അവര്‍ പറയുന്നത്.

