കനാൽ വെള്ളമെത്തി; ഒപ്പം മാലിന്യവും
text_fieldsകനാലിന്റെ പാലത്തിനടിയിൽ മാലിന്യം കൂടികിടക്കുന്നു
കിഴക്കമ്പലം: കാത്തിരുന്ന് കാത്തിരുന്ന് കനാൽ വെള്ളമെത്തി. ഒപ്പം മലപോലെ മാലിന്യവും. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം പെരിയാർവാലി കനാലിൽ വെള്ളമെത്തിയതോടെ പാലങ്ങൾക്കിടയിൽ കുരുങ്ങുന്നത് കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കനാലുകളെ കുപ്പത്തൊട്ടിയാക്കി മാറ്റുന്ന മാലിന്യനിക്ഷേപം ഗുരുതര ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.
മാലിന്യം അടിഞ്ഞ ഭാഗങ്ങളിൽ രൂക്ഷമായ ദുർഗന്ധമുണ്ട്. വെള്ളമൊഴുക്ക് നിയന്ത്രിക്കുന്ന ഷട്ടറുകളുടെയും പാലങ്ങളുടെയും കലുങ്കുകളുടെയും സമീപത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അടിയുന്നത്. അതോടൊപ്പം അറവുമാലിന്യം, അടുക്കളമാലിന്യം, ചത്ത മൃഗങ്ങൾവരെ ഒഴുകിയെത്തി അടിയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കനാലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് വലിയ ഭീഷണിയാണ്. ഇത് നീരൊഴുക്കിനെയും ബാധിക്കുന്നു. കനാലിന്റെ ഇരുകരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം പകർന്നുനൽകുന്നതും പെരിയാർവാലി കനാലുകളാണ്. നിരവധി കുടിവെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽനിന്നാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതാണ് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നത്. പ്രധാനകനാലിന്റെ എല്ലാ പാലങ്ങൾക്കടിയിലും ഇത്തരം മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് നാട്ടുകാർ പണിപ്പെട്ടാണ് ഒഴുക്കിക്കളയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

