ആൾക്കൂട്ടമില്ലെങ്കിലും പ്രചാരണം ഉഷാറാക്കി മുന്നണികൾ
text_fieldsമട്ടാഞ്ചേരി: കോവിഡ് പ്രതിസന്ധി കാലത്തെ തെരഞ്ഞെടുപ്പിൽ ആൾബലം കാണിച്ച് മുന്നേറാൻ സ്ഥാനാർഥികൾക്കും മുന്നണികൾക്കും കഴിയില്ലെങ്കിലും പ്രചാരണ കാര്യത്തിൽ ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ചാണ് കരുനീക്കം. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടപ്പോൾ പടിഞ്ഞാറൻ കൊച്ചിയിൽ പ്രചാരണ കാര്യത്തിൽ സ്ഥാനാർഥികൾ വളരെയധികം മുന്നോട്ടുപോയി.
പല സ്ഥാനാർഥികളുെടയും രണ്ടുതരം പോസ്റ്ററുകൾ ചുവരുകളിൽ പതിച്ചുകഴിഞ്ഞു. ചുവരെഴുത്തുകാര്യത്തിലും ആരും പിന്നാക്കം പോയിട്ടില്ല.
ഓരോ ഡിവിഷനിലും ചുവരെഴുത്തുകാർക്ക് വലിയ തിരക്കാണ്. ഫ്ലക്സ് തുണിയിലേക്ക് മാറിയതോടെ ചെലവ് കൂടിയെങ്കിലും കുറവൊന്നും വന്നിട്ടില്ല. വിവിധ തരത്തിലുള്ള ഫോട്ടോകൾ വെച്ചുള്ള ഫ്ലക്സുകളാണ് വിവിധ ഡിവിഷനുകളിൽ ഉയർന്നിട്ടുള്ളത്. എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചതിനാൽ പ്രചാരണത്തിലും ഒരൽപം മുന്നിലാണ്. എന്നാൽ, ഒപ്പമെത്താനുള്ള എല്ലാ പരിശ്രമങ്ങളും യു.ഡി.എഫ് സ്ഥാനാർഥികൾ നടത്തുന്നുണ്ട്. കോവിഡ് കാലമായതിനാൽ സ്ഥാനാർഥികൾ അകമ്പടി കുറച്ചാണ് ഭവനസന്ദർശനം നടത്തുന്നത്.

