തമ്മനം കുടിവെള്ള ടാങ്ക് തകർച്ച; പമ്പിങ് പുനരാരംഭിച്ചു
text_fieldsതമ്മനത്ത് തിങ്കളാഴ്ച പുലർച്ചെ തകർന്ന ജല വകുപ്പിന്റെ
ഫീഡർ ടാങ്കിൽ വകുപ്പിന്റെ ജോയന്‍റ് മാനേജിങ് ഡയറക്ടർ
ബിനു ഫ്രാൻസിസിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
കൊച്ചി: തമ്മനത്ത് കാലപ്പഴക്കം മൂലം കൂറ്റൻ ജലസംഭരണ ടാങ്ക് തകർന്നുവീണതിനെ തുടർന്ന് മുടങ്ങിയ കുടിവെള്ള പമ്പിങ് പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് വീണ്ടും തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ട്രയൽ റൺ നടത്തിയിരുന്നു. വാട്ടർ അതോറിറ്റി ജോയന്‍റ് മാനേജിങ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗശേഷമാണ് വൈകീട്ട് പമ്പിങ് ആരംഭിക്കാൻ തീരുമാനിച്ചത്. അദ്ദേഹം അപകടസ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായും സാങ്കേതിക വിദഗ്ധരുമായും ചർച്ച നടത്തി.
നിലവിൽ ജലസംഭരണിയുടെ പരസ്പരബന്ധിതമായ രണ്ടറകളിൽ ഒന്നാണ് പൊട്ടിത്തകർന്നത്. ഇതിൽ കേടുപാടുകളില്ലാത്ത അറയെ പരമാവധി ഉപയോഗിക്കാവുന്ന രീതിയിലാണ് തുടർപ്രവർത്തനങ്ങൾ നടത്തുക. മരടിൽ നിന്നെത്തുന്ന വെള്ളം ശേഖരിക്കുന്ന അറയാണ് പൊട്ടിയത് എന്നതിനാൽ ഇവിടെ നിന്നുള്ള ജലമുൾപ്പെടെ നിലവിൽ അവശേഷിക്കുന്ന ടാങ്കിലേക്ക് ശേഖരിക്കേണ്ടി വരും.
ആലുവയിൽ നിന്നുള്ള വെള്ളം ഇവിടെ ശേഖരിക്കപ്പെടുന്നതിനുപകരം വിതരണത്തിനുള്ള പ്രഷർ നൽകുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. നേരത്തെ രണ്ടുതവണയായി ഒരു ദിവസം ഏഴുമണിക്കൂറാണ് പമ്പിങ് നടത്തിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഇത് മൂന്നു തവണയായി പുനഃക്രമീകരിക്കാനാണ് തീരുമാനമെന്ന് ഉന്നതതല യോഗശേഷം വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ പി.എച്ച്. ഹാഷിം അറിയിച്ചു.
തകർന്നുപോയ ഭാഗം പുനർനിർമിച്ച് ഉപയോഗപ്രദമാക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ ചർച്ചയായി. അപകടം ഉണ്ടായ ഭാഗം പൂർണമായും വൃത്തിയാക്കി മണ്ണ് പരിശോധിച്ച് ബലപ്പെടുത്തി പുനർ നിർമിക്കാനാണ് നീക്കം. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
കൊച്ചി നഗരത്തിന്‍റെ 30 ശതമാനം ഭാഗത്താണ് നിലവിൽ കുടിവെള്ള പ്രതിസന്ധിയുള്ളത്. ചേരാനെല്ലൂർ പഞ്ചായത്തിലെ ചില ഭാഗങ്ങൾ, പച്ചാളം, വടുതല, എസ്.ആർ.എം റോഡ്, ബാനർജി റോഡ്, പൊന്നുരുന്നി, പേട്ട എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുള്ളത്. വീണ്ടും പമ്പിങ് തുടങ്ങുന്നതിലൂടെ ഈ മേഖലകളിലെ അവസാന ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്താതിരിക്കാനുള്ള സാധ്യതയും അധികൃതർ മുന്നിൽകാണുന്നു. ഒരാഴ്ച നീളുന്ന പരീക്ഷണ പമ്പിങ്ങിലൂടെയാണ് ഇത് കൃത്യമായി മനസ്സിലാക്കാനാവൂ. എന്നാൽ, പ്രതിസന്ധി നേരിടാൻ ഈ മേഖലകളിലേക്ക് ടാങ്കറിൽ വെള്ളം എത്തിക്കും.
തമ്മനം കുത്താപ്പാടിയിലെ ടാങ്ക് നിലനിൽക്കുന്ന കോമ്പൗണ്ടിലെ ജല അതോറിറ്റി ഓഫിസിലാണ് യോഗം നടന്നത്. റിട്ട സൂപ്രണ്ടിങ് എൻജിനീയറും സാങ്കേതിക വിദഗ്ധനുമായ മാത്യു ഫിലിപ്പ്, റിട്ട. ചീഫ് എൻജിനീയർ അനിൽകുമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപകട കാരണം അറയുടെ ചോർച്ച
ആകെ 1.36 കോടി ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ജലസംഭരണ അറകളിലൊന്നാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടരക്ക് വൻ ശബ്ദത്തോടെ പൊട്ടിയത്. കോൺക്രീറ്റിൽ ഫോൾഡഡ് പ്ലേറ്റ് എന്നറിയപ്പെടുന്ന പ്രത്യേകതരം ഡിസൈനിലാണ് 40 വർഷം മുമ്പ് ഈ ടാങ്ക് പണിതുയർത്തിയിട്ടുള്ളത്. ഇത്തരം സംഭരണികളുടെ ആയുസ്സ് ശരാശരി 30 വർഷമാണ്.
അതിനാൽ തന്നെ കാലപ്പഴക്കത്തെ തുടർന്ന് അടിത്തറ ദുർബലമായതാവാം തകർച്ചക്ക് കാരണമെന്നാണ് വിലയിരുത്തൽ. ടാങ്കിന്‍റെ അറയിൽ ചെറിയ ചോർച്ചയുണ്ടായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ചോർച്ചയിലൂടെ മണ്ണ് അടരുകയും പിന്നാലെ കോൺക്രീറ്റ് പാളി പൊളിയുകയുമായിരുന്നു.
നിലവിൽ ഉപയോഗത്തിലുള്ള രണ്ടാമത്തെ കമ്പാർട്ട്മെന്‍റും ഇതോടൊപ്പം തന്നെ പണിതുയർത്തിയതാണ്. എന്നാൽ, രണ്ടാമത്തെ അറയ്‌ക്ക് കേടുപാടുകളില്ലെന്ന് പരിശോധനയിൽ മനസ്സിലാക്കാനായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, ഒരു ടാങ്കിലേക്ക് മാത്രം വെള്ളം നിറയുന്നത് ഇടഭിത്തിയുടെ ബലത്തെ ബാധിക്കാനിടയുള്ളതിനാൽ മണൽ ചാക്കുകളിട്ട് ഉറപ്പിച്ച് ബലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

