മൂവാറ്റുപുഴ എവറസ്റ്റ് കവല-ഇ.ഇ.സി മാർക്കറ്റ് റോഡിന് ടെൻഡർ നടപടികൾക്ക് തുടക്കം
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ എവറസ്റ്റ് കവലയിൽനിന്ന് ഇ.ഇ.സി മാർക്കറ്റ് റോഡിലേക്ക് നിർമിക്കുന്ന ബൈപാസ് റോഡിന്റെ ടെൻഡർ നടപടികൾക്ക് തുടക്കമായി. വെയർ ഹൗസിങ് കോർപറേഷന്റ സഹകരണത്തോടെ 1.75 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിന്റെ ടെൻഡർ ഈമാസം 15ന് നടക്കും.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ എവറസ്റ്റ് കവലക്ക് സമീപത്തെ കീഴ്ക്കാവിൽ തോട്ടിന് സമാന്തരമായി വണ്ടിപ്പേട്ട, സ്റ്റേഡിയം വഴി ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിൽ എത്തുന്ന തരത്തിൽ 700 മീറ്റർ ദൂരത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് റോഡ് നിർമിക്കുന്നത്. നിർദിഷ്ട റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ മരങ്ങൾ കഴിഞ്ഞദിവസം വെട്ടിമാറ്റിയിരുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലമായതിനാൽ കുറെ ഭാഗം മണ്ണിട്ട് ഉയർത്തി വേണം റോഡ് നിർമിക്കാൻ.
റോഡ് യാഥാർഥ്യമാകുന്നതോടെ വ്യാപാര കേന്ദ്രമായ കാവുംകര മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ. വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കി വഴിയില്ലാത്തതിനാൽ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിനും ഗുണകരമാകും. സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിന് എത്താനും സാധിക്കും. രണ്ട് പതിറ്റാണ്ടു മുമ്പ് ഇ.ഇ.സി ബൈപാസ് നിർമാണം പൂർത്തിയായ ഘട്ടത്തിൽ വണ്ടിപ്പേട്ടയിൽനിന്ന് ഇ.ഇ.സി റോഡിലേക്ക് ഇങ്ങനെ റോഡ് നിർമിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടന്നില്ല.
അന്ന് റോഡ് നിർമാണം നടന്നിരുന്നെങ്കിൽ വെയർ ഹൗസിങ് കോർപറേഷന്റ ഗോഡൗൺ നിർമാണം അടക്കം നേരത്തേ നടക്കുമായിരുന്നു. കാളച്ചന്ത, എട്ടങ്ങാടി അടക്കമുള്ള ജനവാസ കേന്ദ്രങ്ങൾക്കും ഇത് ഗുണകരമാകുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

