അഞ്ചുദിവസത്തിനിടെ ഇലഞ്ഞിക്കൽ ക്ഷേത്രത്തിൽ മൂന്നുതവണ മോഷണം
text_fieldsകളമശ്ശേരി: വല്ലാർപാടം കണ്ടെയ്നർ പാതയോരത്തെ ക്ഷേത്രത്തിൽ അഞ്ചുദിവസത്തിനിടെ മൂന്നുതവണ മോഷണം. ഏലൂർ ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിലാണ് മോഷണങ്ങൾ. കഴിഞ്ഞ 15, 16 തീയതികളിൽ പകലാണ് ക്ഷേത്രത്തിൽനിന്ന് 15ഓളം നിലവിളക്കുകൾ മോഷണംപോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തിവരവേയായിരുന്നു അടുത്ത മോഷണം.
ചൊവ്വാഴ്ച രാത്രിയിലോ ബുധനാഴ്ച പുലർച്ചയോ ആയിരിക്കാം മോഷണം നടന്നത്. നാല് ചെമ്പ് കുടങ്ങളും ഒരു പിച്ചള പോണിയും നഷ്ടമായി. ക്ഷേത്ര പരിസരത്ത് സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അത് പരിശോധിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ക്ഷേത്രമതിൽ ചാടിയെത്തിയാണ് തിടപ്പിള്ളിയിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും മറ്റും മോഷ്ടിച്ചത്.
ചെറുവട്ടൂരിൽ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണം കവർന്നു
കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തിത്തുറന്ന് 10 പവനോളം സ്വർണം കവർന്നു. ചെറുവട്ടൂർ ഊരംകുഴി റോഡിൽ മോനിക്കാട്ടിൽ ഹമീദിന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീടിനു പിൻവശത്തെ ഗ്രിൽ തകർത്തശേഷം വാതിൽ പൊളിച്ച് അകത്ത് കയറുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും രേഖകളുമാണ് നഷ്ടപ്പെട്ടത്.
രാവിലെ 10.30ഓടെ ഹമീദിന്റെ മകൻ ഷബീർ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. എല്ലാ മുറികളിലും സാധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. കോതമംഗലം പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

