വിനോദയാത്രക്കിടെ വിദ്യാർഥി മരിച്ച സംഭവം: ജംഗിൾ പാർക്കിനെതിരെ കേസ്
text_fieldsപഴങ്ങനാട് ജംഗിൾ പാർക്ക്
കിഴക്കമ്പലം: വിനോദയാത്രക്കിടെ പ്രീസ്കൂൾ വിദ്യാർഥി പഴങ്ങനാട് ജംഗിൾ പാർക്കിന്‍റെ ചതുപ്പിൽ വീണ് മരിക്കാനിടയായ സംഭവത്തിൽ അസ്വഭാവിക മരണത്തിന് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു.
കൂടാതെ പാർക്കിന്‍റെ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് പൊലീസ് അധികൃതർക്ക് നോട്ടീസ് നൽകി. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം വേണ്ടി വന്നാൽ പാർക്ക് അധികൃതർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ച സെക്രട്ടറി ടി. അജി സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
നേരത്തെ, ലയൺസ് ക്ലബിന്‍റെ നേതൃത്വത്തിൽ വിശ്രമകേന്ദ്രം എന്ന നിലയിൽ അപേക്ഷ നൽകിയപ്പോൾ പൊതുജനങ്ങൾ വന്നുപോകുന്ന ഇടമെന്ന നിലയിൽ ലൈസൻസ് വേണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് ബിസിനസ് അടിസ്ഥാനത്തിൽ വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയപ്പോൾ നിയമപരമായ ലൈസൻസ് എടുക്കേണ്ടതായിരുന്നുവെന്ന് സെക്രട്ടറി പറഞ്ഞു.
എന്നാൽ, ലൈസൻസിനായി അപേക്ഷിച്ചപ്പോൾ ആവശ്യമില്ലെന്നാണ് അധികൃതർ പറഞ്ഞതെന്നും വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലും ഇതേ നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചതെന്നും പാർക്ക് അധികൃതർ വാദിക്കുന്നു.
ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് അപകടമുണ്ടായത്. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീസ്‌കൂളിലെ 25 കുട്ടികളും ഒമ്പത് അധ്യാപകരും അടങ്ങുന്ന സംഘത്തോടൊപ്പമാണ് മരണപ്പെട്ട മുഹമ്മദ് ആദം (അഞ്ച്) പാർക്കിലെത്തിയത്. കുട്ടി കൂട്ടംതെറ്റിയത് അധ്യാപകർ വൈകിയാണ് അറിഞ്ഞത്. ആദ്യം സ്വന്തം നിലയിൽ കുട്ടിയെ കണ്ടെത്താൻ ശ്രമിച്ച അധ്യാപകർ ശ്രമം പരാജയപ്പെട്ട ശേഷമാണ് പാർക്ക് അധികൃതരെ വിവരം അറിയിച്ചത്. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

