മൃഗാശുപത്രി ഷെല്‍ട്ടര്‍ കാടുകയറി; തെരുവുനായ് ശല്യം രൂക്ഷം
text_fieldsപെരുമ്പാവൂര്‍: മുനിസിപ്പല്‍ ലൈബ്രറി വാര്‍ഡിലെ ജി.കെ. പിള്ള ലെയ്നില്‍ തെരുവുനായ് ശല്യം വര്‍ധിക്കുന്നതായി പരാതി. ഇവിടുത്തെ വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലില്‍നിന്ന് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിക്കുനേരെ കഴിഞ്ഞ ദിവസം നായ് ചാടിയടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഗേറ്റ് തുറന്നിട്ടാല്‍ നായ്ക്കള്‍ വീട്ടുവളപ്പിലേക്ക് ചാടിക്കയറും.
വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭ മൃഗാശുപത്രിയില്‍ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള ഓപറേഷന് തിയറ്ററും തുടര്‍ചികിത്സക്കുള്ള ഷെല്‍ട്ടറും ഉണ്ടെങ്കിലും കാടുകയറി നശിക്കുകയാണ്. വന്ധ്യംകരണത്തിനുശേഷം തുടര്‍ചികിത്സക്ക് മൂന്നോ നാലോ ദിവസം ജനവാസമേഖലയിലുള്ള ഈ ഷെല്‍ട്ടറില്‍ നായ്ക്കളെ താമസിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വിജനമായ സ്ഥലത്തേക്ക് ഷെല്‍ട്ടര്‍ മാറ്റി സ്ഥാപിച്ചാല്‍ തുടര്‍ചികിത്സ നല്കാന് ആശുപത്രി ഒരുക്കമാണ്. നഗരസഭ ഇതിന് നടപടി എടുക്കേണ്ടതുണ്ട്.
വിഷയത്തില്‍ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എച്ച്. നിസാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എ. ജഫീര്‍, ട്രഷറര്‍ കെ.പി. ഷമീര്‍, ലൈബ്രറി വാര്‍ഡ് യൂനിറ്റ് പ്രസിഡന്റ് വി.എ. റഷീദ്, ടി.എം. മുഹമ്മദ്കുഞ്ഞ്, പി.എ. ഷിനാസ്, സി.എം. അലി തുടങ്ങിയവര്‍ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

