പൈതൃക ടൂറിസം മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷം; രണ്ടു ദിവസത്തിനിടെ മൂന്നുപേർക്ക് കടിയേറ്റു
text_fieldsഫോർട്ട്കൊച്ചി കടപ്പുറത്ത് സഞ്ചാരികൾക്ക് സമീപം തെരുവുനായ്ക്കൾ
ഫോർട്ട്കൊച്ചി: സംസ്ഥാനത്ത് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ഫോർട്ട്കൊച്ചി ടൂറിസം മേഖലയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുപേർ തെരുവുനായകളുടെ അക്രമണത്തിന് ഇരയായി. ഒരു ലോട്ടറി വിൽപ്പനക്കാരനും രണ്ടുസഞ്ചാരികൾക്കും നേരേയാണ് അക്രമണമുണ്ടായത്.
കഴിഞ്ഞദിവസം ഒരുവിദേശ സഞ്ചാരിക്കു നേരേയും ഫോർട്ട്കൊച്ചി കടപ്പുറത്ത് തെരുവ് നായ്കൾ കുരച്ചുകൊണ്ട് ചാടിയടുത്തെങ്കിലും കടപ്പുറത്തുണ്ടായിരുന്നവരുടെ ഇടപെടൽ മൂലം കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇതിനു പുറമെ മട്ടാഞ്ചേരിയിലെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രി വളപ്പിൽ ഒരു ജീവനക്കാരിയെ തെരുവുനായക്കൂട്ടം ചേർന്ന് ആക്രമിച്ചത് കഴിഞ്ഞ ആഴ്ചയാണ് .
ഫോർട്ട്കൊച്ചി കടപ്പുറവും പരിസര പ്രദേശങ്ങളും തെരുവ് നായ്ക്കൾ കൈയടക്കിയ സാഹചര്യമാണ്. വിദേശ വിനോദസഞ്ചാരികളും ആഭ്യന്തര സഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ദൈനംദിനം ഫോർട്ട്കൊച്ചിയിൽ എത്തുന്നത്.
രാവും പകലുമെന്ന വ്യത്യാസമില്ലാതെ നായക്കൂട്ടം വിലസി നടക്കുകയാണിവിടെ. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കടപ്പുറവും പരിസര പ്രദേശങ്ങളും നായ്ക്കള്‍ കൈയടക്കിയതോടെ ഇവിടെയെത്തുന്നവര്‍ ഭീതിയിലാണ്. ഒറ്റയ്ക്കും കുട്ടായുമായുമെത്തുന്ന നായകൾ പരസ്പരം കടികൂടുന്നതോടോപ്പം കാൽനടയാത്രക്കാരെ ഓടിക്കുകയും ചെയ്യും.കടപ്പുറത്തെ തെരുവുനായശല്യം ജനങ്ങളിലും സഞ്ചാരികളിലും ഏറെ ഭീതിയുണർത്തുകയാണെന്ന് ചെറുകിട കച്ചവടക്കാരും ഹോംസ്റ്റേ അസോസിയേഷൻ ഭാരവാഹികളും പറയുന്നു.
കടപുറത്തെ നടപാതകളിലും കസേരകൾക്ക് ചുറ്റും ബീച്ച് മേഖലയിലും ചെറുവഴികളിലുമായി തമ്പടിക്കുന്ന നായക്കുട്ടങ്ങൾ പൈതൃകനഗരിയിലെ പകൽ യാത്രയ്ക്കും ഭീഷണിയായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

