പറവയെ രക്ഷിക്കാൻ ബംഗളൂരുവിൽ നിന്ന് പറന്നെത്തി മുകേഷ് ജൈൻ
text_fieldsകാക്കയെ രക്ഷപ്പെടുത്തിയശേഷം മുകേഷ് വെള്ളം നല്കുന്നു
പള്ളുരുത്തി: പ്രാണന്റെ വില അമൂല്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ജീവ കാരുണ്യ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈന്‍. മരക്കൊമ്പില്‍ കുടുങ്ങി പ്രാണനു വേണ്ടി പിടയുകയായിരുന്ന പക്ഷിയെ ബംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം പറന്നെത്തിയാണ് മുകേഷ് രക്ഷിച്ചത് .
പെരുമ്പടപ്പ് - കുമ്പളങ്ങി പാലത്തിന് സമീപം പെരുമ്പടപ്പ് എസ്.എന്‍ റോഡിന് സമീപത്തെ വലിയ വൃക്ഷത്തില്‍ ഏതാണ്ട് 30 അടി ഉയരത്തിലാണ് നൈലോണ്‍ പട്ട ചരടില്‍ കാക്ക കുടുങ്ങിയത്. അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചെങ്കിലും മുകേഷ് ജൈനുമായി ബന്ധപ്പെടുക എന്ന നിർദേശമാണ് ലഭിച്ചത്. മുകേഷിനെ ഇവര്‍ ബന്ധപ്പെട്ടപ്പോൾ കുടുംബത്തിനൊപ്പം ബംഗ്ളൂരുവിലായിരുന്നു. വിവരം അറിഞ്ഞയുടന്‍ മുകേഷ് വിമാനം ബുക്ക് ചെയ്തു.
രണ്ടര മണിക്കൂര്‍ കൊണ്ട് മുകേഷ് കൊച്ചിയിലെത്തി. ഉപകരണങ്ങളുമെടുത്ത് സുഹൃത്തുക്കളായ എം.എം സലീം, വി.എ അന്‍സാര്‍ എന്നിവരേയും കൂട്ടി സ്ഥലത്തെത്തി പക്ഷിയുടെ ജീവന് രക്ഷിച്ച് അതിനെ ആരോഗ്യത്തോടെ പറത്തി വിട്ടതിന് ശേഷമാണ് മുകേഷിന് ശ്വാസം നേരെ വീണത്.
എട്ട് വര്‍ഷം മുമ്പും മട്ടാഞ്ചേരിയില്‍ മരത്തില്‍ കുടുങ്ങിയ പറവയെ രക്ഷിക്കാന്‍ മുകേഷ് ബംഗ്ളൂരുവില്‍ നിന്ന് വിമാന മാര്‍ഗം എത്തിയിട്ടുണ്ട്. കടുത്ത പക്ഷി സ്നേഹിയായ മുകേഷ് 2007 മുതലാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന പക്ഷികളെ രക്ഷപ്പെടുത്തുന്നത് ആരംഭിച്ചത്. കെട്ടിടങ്ങൾക്കും, മരത്തിനും മുകളിൽ കുടുങ്ങി പോയ പന്ത്രണ്ട് പൂച്ചകളെയും രക്ഷിച്ചിട്ടുണ്ട്.
അറുപതടിയോളം മുകളിൽ കുടുങ്ങി കിടക്കുന്ന പക്ഷികളെ രക്ഷിക്കാൻ ഉതകുന്ന പ്രത്യേക ഉപകരണങ്ങൾ മുകേഷ് ജൈൻ സ്വയം തയ്യാറാക്കിയിട്ടുണ്ട്. നൈലോണ്‍, മാഞ്ച നൂലുകള്‍ ഉപയോഗിച്ച് പട്ടം പറത്തുന്നത് മൂലം പക്ഷികള്‍ക്കും പലപ്പോഴും മനുഷ്യരും അപകടത്തില്‍പ്പെടുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ മുകേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി ആര്.ഡി.ഓ. ഇത്തരം നൂലുകള്‍ ഉപയോഗിച്ച് പട്ടം പറത്തരുതെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

