നടപടികൾക്ക് മെല്ലെപ്പോക്ക് ; തോട്ടക്കാട്ടുകര-കടുങ്ങല്ലൂര്‍ റോഡ് വികസനം നീളുന്നു
text_fieldsതോട്ടക്കാട്ടുകര-കടുങ്ങല്ലൂര്‍ റോഡിലെ ഗതാഗതക്കുരുക്ക്
ആലുവ: ആലുവ-ആലങ്ങാട് റൂട്ടിലെ തോട്ടക്കാട്ടുകര-കടുങ്ങല്ലൂര്‍ റോഡ് വികസനം നീളുന്നു. മന്ത്രിമാരടക്കമുള്ളവർ നടത്തിയ വികസന പ്രഖ്യാപനങ്ങൾ മാസങ്ങളായിട്ടും കടലാസിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീതി സംബന്ധിച്ച തർക്കങ്ങളാണ് വികസനത്തിന് വിലങ്ങുതടിയായി നിന്നിരുന്നത്. ഇതെല്ലാം പരിഹരിച്ച് റോഡ് വികസനത്തിന് അന്തിമ തീരുമാനമെടുത്തിട്ടും നടപടി മെല്ലെപ്പോക്കിലാണ്.
ദേശീയപാതയില്‍ തോട്ടക്കാട്ടുകര കവലയില്‍നിന്ന് തുടങ്ങി കിഴക്കേ കടുങ്ങല്ലൂര്‍ കവല വരെയുള്ള ഒന്നേമുക്കാല്‍ കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കാനുള്ളത്. ഈ ഭാഗത്ത് രണ്ടുവരി ഗതാഗതത്തിനുപോലും വേണ്ടത്ര വീതിയില്ല.
തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. ആലങ്ങാട്, പടിഞ്ഞാറേ കടുങ്ങല്ലൂര്‍, എടയാര്‍, മുപ്പത്തടം, പാനായിക്കുളം പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം ആലുവ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. എട്ടുവര്‍ഷം മുമ്പാണ് റോഡ് വീതികൂട്ടാൻ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. 11.5 മീറ്ററായി വീതി വര്‍ധിപ്പിക്കാനാണ് അന്ന് തീരുമാനമായത്. അതുപ്രകാരം പി.ഡബ്ല്യു.ഡി. സര്‍വേയും ആരംഭിച്ചതാണ്. എന്നാല്‍, സ്ഥലം വിട്ടുകൊടുക്കേണ്ട ചിലര്‍ എതിര്‍പ്പ് അറിയിച്ചതോടെ തടസ്സമായി.
പിന്നീട് പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അനക്കമുണ്ടായത്. മന്ത്രി പി. രാജീവ്, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളെത്തുടർന്ന് 12 മീറ്ററില്‍ വീതികൂട്ടി നിര്‍മിക്കാൻ തീരുമാനമെടുത്തു. കാനയും നടപ്പാതയും ഒരുക്കും. അതുപ്രകാരം മാര്‍ക്കിങ്ങും തുടങ്ങി. എന്നാല്‍, സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

