പൊലീസ് ഗതാഗത നിയന്ത്രണത്തിന് ഇറങ്ങണമെന്ന ഉത്തരവിൽ ഭേദഗതി
text_fieldsകൊച്ചി: തിരക്കുള്ളപ്പോൾ സിഗ്നൽ ഓഫാക്കി പൊലീസ് ഗതാഗത നിയന്ത്രണത്തിന് ഇറങ്ങണമെന്ന ഉത്തരവിൽ ഭേദഗതി വരുത്തി ഹൈകോടതി.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പൊലീസ് നേരിട്ട് നിയന്ത്രിക്കാൻ നിർദേശിച്ചാണ് മുൻ ഉത്തരവിൽ ജസ്റ്റിസ് അമിത് റാവൽ ഭേദഗതി വരുത്തിയത്. ബാനർജി -പാലാരിവട്ടം റോഡിലും എസ്.എ റോഡിൽ പള്ളിമുക്ക് മുതൽ വൈറ്റിലവരെയും രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് അഞ്ചു മുതൽ 7.30 വരെയുമുള്ള സമയത്താണ് പൊലീസ് നേരിട്ട് ഗതാഗതം നിയന്ത്രിക്കാൻ കോടതി മുമ്പ് നിർദേശിച്ചത്. എന്നാൽ, ഉത്തരവിലെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഭേദഗതി വരുത്തിയത്.
ട്രാഫിക് ഐലൻഡ് ഇല്ലാത്തതിനാൽ റോഡിലെ വാഹനനിര ശരിയായി കാണാനാകില്ലെന്നും റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്.
അതേസമയം, സിഗ്നൽ ലൈറ്റുകൾ പൊലീസ് നേരിട്ട് നിയന്ത്രിക്കാമെന്ന നിർദേശവും മുന്നോട്ടുവെച്ചു. തുടർന്നാണ് മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയത്. സിറ്റിയിലെ ബസ് പെർമിറ്റ് സമയത്തിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ടവരെയെല്ലാം കേട്ട് തീരുമാനമെടുക്കാനും നിർദേശിച്ചു. നിലവിലെ പെർമിറ്റ് സമയം ബസുകളുടെ അമിത വേഗതക്കും അപകടത്തിനും കാരണമാകുന്നുവെന്നും മാറ്റം വേണമെന്നും ഉടമകൾ തന്നെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എ.ഐ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് സമയത്തിൽ മാറ്റം കൊണ്ടുവരണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

