കടകൾ തുറക്കുന്നത് ഒന്നിടവിട്ട ദിവസം; നിരത്തിൽ തിരക്കേറുന്നു
text_fieldsകൊച്ചി: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണുള്ള ജില്ലകളിൽ ഒന്നിടവിട്ടുള്ള ദിവസങ്ങൾ മാത്രം പലചരക്ക്, ബേക്കറി കടകൾ തുറക്കുന്നതു മൂലം പ്രവർത്തന ദിനങ്ങളിൽ തിരക്കേറുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കടകൾ തുറക്കുന്നത്.
വ്യാഴാഴ്ച കടകൾ തുറന്നതോടെ ആളുകൾ കൂട്ടത്തോടെെയത്തിയത് പലയിടത്തും വലിയ തിരക്കിനിടയാക്കി. പലരും കാറുൾെപ്പടെ വാഹനങ്ങളെടുത്ത് സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ മിക്ക റോഡുകളിലും ലോക്ഡൗൺ തന്നെയാണോയെന്ന് സംശയിക്കും വിധം തിരക്കായിരുന്നു.
പലചരക്കു കടകളിലും പച്ചക്കറി കടകളിലും മത്സ്യ-മാംസ സ്റ്റാളുകളിലുമാണ് ആളുകൾ കൂട്ടത്തോടെയെത്തിയത്. സമൂഹ അകലവും പലയിടത്തും ലംഘിക്കപ്പെട്ടു. വന്നവർ പലരും ധാരാളം സാധനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. കടകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഉള്ളതുകൊണ്ടു തന്നെ ജനങ്ങൾ കടകളിലേക്കെത്തുന്നതിൽനിന്ന് വിലക്കാൻ പൊലീസിനും നിവൃത്തിയില്ലായിരുന്നു.
എന്നാൽ, ആൾക്കൂട്ടമേറിയ പല കടകൾക്കു മുന്നിലും പൊലീസിെൻറ നിരീക്ഷണവുമുണ്ടായി. ആളുകൂടിയാൽ കട പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ടായിരുന്നു.
ഒന്നിടവിട്ട് കട തുറക്കുന്നതുമൂലം ആൾത്തിരക്കാവുന്നതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഉദ്യേശ്യം നടപ്പാകുന്നില്ലെന്ന വിമർശനമുണ്ട്.
ഈ സംവിധാനത്തിനു പകരം എല്ലാ ദിവസവും ചുരുങ്ങിയ സമയം തുറന്നുവെച്ചാൽ ആൾതിരക്ക് കുറക്കാനാവുമെന്ന് വ്യാപാരികളും ഉപഭോക്താക്കളും ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

