സൗഹൃദം സ്ഥാപിച്ച് പണം തട്ടിപ്പ്: സംഘത്തിലെ രണ്ടാംപ്രതി പിടിയിൽ
text_fieldsസജിത് കുമാർ
മൂവാറ്റുപുഴ: സ്ഥലം വിൽക്കാൻ പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടാം പ്രതിയെ തിരുവനന്തപുരത്തെ ഒളിത്താവളത്തിൽനിന്ന് മൂവാറ്റുപുഴ പൊലീസ് പിടികൂടി. തിരുവനന്തപുരം കവടിയാർ അമ്പലമുക്ക് ഭാഗത്ത് അനിയൻ ലെയ്നിൽ മുല്ലശ്ശേരി വീട്ടിൽ താമസിക്കുന്ന ചിറയിൻകീഴ് കാട്ടുമ്പുറം സ്വദേശി ഷേർമിള മൻസിൽ വീട്ടിൽ സജിത് കുമാറിനെയാണ് (ദീപക് -50) മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സ്ഥലം ബ്രോക്കറെന്ന് പരിചയപ്പെടുത്തി വൻതുക വായ്പയായും ഇരട്ടിയാക്കി നൽകാമെന്നും പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ. ആലുവ സ്വദേശിയുടെ 15 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സ്ഥലം വിൽപന പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷിയെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചു. സിനിമ മേഖലയിൽ ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കുകയും തന്റെ കൈവശം പലരുടെയും പണം ഉണ്ടെന്നും കുറഞ്ഞ പലിശക്ക് നൽകാമെന്നും പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ പലിശക്ക് ലഭിച്ച പണമാണെന്ന് പറഞ്ഞ് സിനിമ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ മൂവാറ്റുപുഴയിൽവെച്ച് കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് സജിത്.
ഒന്നാം പ്രതി കോട്ടയം വാഴൂർ സ്വദേശി മണിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ സജിത് ഒളിവിൽ കഴിയുകയായിരുന്നു. ഒരു ഇടപാടിന് ഒരു സിംകാർഡാണ് സംഘം ഉപയോഗിച്ച് വന്നിരുന്നത്. കുറ്റകൃത്യത്തിനായി വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

