നാലാം ദിനവും കടൽക്ഷോഭം തുടരുന്നു; വിറങ്ങലിച്ച് തീരവാസികൾ
text_fieldsഎടവനക്കാട് അണിയിൽ തീരേത്തക്ക് തിരമാല ആഞ്ഞടിക്കുന്നു
പള്ളുരുത്തി: കടൽക്ഷോഭം, കായൽ വേലിയേറ്റം, പുറമെ പെരുമഴയും... വിറങ്ങലിച്ച് കൊച്ചിയിലെ തീരവാസികൾ. പടിഞ്ഞാറ് കടലും, കിഴക്ക് കായലുമുള്ള പശ്ചിമകൊച്ചിയിലെ ജനസമൂഹം ദുരിതക്കയത്തിലാണ്. വടക്കേ ചെല്ലാനത്ത് കടലിന്റെ കലി തുള്ളലിൽ തീരദേശം വിറങ്ങലിച്ചുനിൽക്കുമ്പോൾ കായൽ തീരത്ത് ശക്തമായ വേലിയേറ്റം മൂലം കായലോരവാസികളും അങ്കലാപ്പിലാണ്.
ഇതിനിടെയാണ് പെരുമഴയും തീരവാസികളുടെ ഉറക്കം കെടുത്തുന്നത്. തുടർച്ചയായ മൂന്നാം ദിനവും ശക്തമായ കടലാക്രമണമാണ് ഉണ്ടായത്. രണ്ട് വീടുകൾ ഭാഗികമായി തകർന്നു.
കണ്ണമാലി വാട്ടർ ടാങ്കിന് സമീപം, ഏഴാം വാർഡിൽ മാർട്ടിൻ കക്കിയാടിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ചെറിയകടവ് കുരിശിങ്കൽ ആന്റണിയുടെ വീടിന്റെ തറ കടലടിയേറ്റ് തകർന്ന് വീട് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കടൽ കലി തുള്ളി തീരത്തേക്ക് ആഞ്ഞടിക്കുകയാണ്.
രാവിലെ പത്തരയോടെ ആരംഭിച്ച കടലാക്രമണം വൈകീട്ട് നാല് വരെ നീണ്ടു. കടൽ വെള്ളത്തോടൊപ്പം ഇരച്ച് കയറിയ മണൽ സെപ്റ്റിക് ടാങ്കുകളിൽ നിറഞ്ഞതും വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.
കാലവർഷത്തിന് മുമ്പ് കടലാക്രമണം പ്രതിരോധിക്കാൻ നടപടി വേണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടെങ്കിലും സാധാരണ ചെയ്തുവരാറുള്ള മുൻകരുതൽ ഒന്നും തന്നെ ഇക്കുറി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്.
കായലിൽ നിന്നുള്ള വേലിയേറ്റം കായൽ തീരവാസികളെയും ദുരിതത്തിലാക്കുകയാണ്. ശക്തമായ വേലിയേറ്റത്തിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഉച്ചക്ക് രണ്ടോടെ കയറിയ വേലിയേറ്റ വെള്ളം രാത്രി ഏഴ് മണിയോടെയാണ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

