വെർച്വൽ അറസ്റ്റ് സംഘത്തെ വെട്ടിലാക്കി സ്കൂൾ അധ്യാപകൻ
text_fieldsമട്ടാഞ്ചേരി: തന്നെ വലയിലാക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘത്തെ വെട്ടിലാക്കി സ്കൂൾ അധ്യാപകൻ. മഹാരാഷ്ട്രയിൽ നിന്നുള്ള ഫോൺ സന്ദേശത്തിലെ ‘വെർച്വൽ അറസ്റ്റ്’ സംഘത്തെയാണ് കൊച്ചി ടി.ഡി സ്കൂളിലെ അധ്യാപകൻ വെങ്കടേശ് ഗോപിനാഥ് വെട്ടിലാക്കിയത്.
ബുധനാഴ്ച ഉച്ചക്കാണ് വെങ്കടേശിന് ഫോൺ സന്ദേശം ലഭിക്കുന്നത്. മഹാരാഷ്ട്ര എ.ടി.എഫിൽ നിന്നുള്ള പൊലീസാണെന്ന് പരിചയപ്പെടുത്തിയ ശേഷം കശ്മീരിലെ ഭീകരവാദിയിൽ നിന്ന് വെങ്കടേശിന്‍റെ ഫോൺ നമ്പറും ബന്ധവും ലഭിച്ചതായും ഇതിൽ നിയമ നടപടിയെടുക്കുമെന്ന് അറിയിക്കുകയും കേസിന്‍റെ വിശദാംശങ്ങളടങ്ങിയ കുറ്റപത്രം കാണിച്ചുകൊടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് ജയിലിലാക്കുമെന്നും ഇത് തൊഴിലിനെ ബാധിക്കുമെന്നുമായിരുന്നു ‘എ.ടി.എഫ് ഇൻസ്പെക്ടറു’ടെ ഭീഷണി.
എന്നാൽ വെങ്കടേശിന്‍റെ മറുപടിയിൽ വ്യാജന്മാർ കുഴങ്ങി. താൻ ജയിലിൽ കിടക്കാൻ തയ്യാറാണെന്നും കേരളത്തിൽ ജയിൽപുള്ളികൾക്ക് പ്രതിദിനം 620 രൂപ വേതനം ലഭിക്കുന്നുണ്ടെന്നും മഹാരാഷ്ട്ര ജയിലിൽ ഇത് ലഭിക്കുമോയെന്നും വെങ്കിടേശ് ചോദിച്ചു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും അദ്ദേഹം ജയിലിൽ പോകാൻ തയ്യാറാണെന്ന വാദത്തിൽ ഉറച്ചുനിന്നു. ഇതോടെ തട്ടിപ്പുസംഘം പിന്നിട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ ബന്ധം വിഛേദിക്കുകയായിരുന്നു.
ടി.ഡി ഹൈസ്കൂളിൽ എൻ.സി.സി, സ്റ്റുഡന്‍റ് പൊലീസ് തുടങ്ങി വിവിധ സേനകളുടെ പരിശീലകനായി പ്രവർത്തിക്കുന്ന അധ്യാപകനാണ് വെങ്കടേശ് ഗോപിനാഥ്. വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തതോടെ സൈബർ പൊലീസിൽ നിന്ന് അധ്യാപകന് അനുമോദന സന്ദേശവുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

