മണ്ണഞ്ചേരി: കാവുങ്കൽ ഗ്രാമത്തിെൻറ കാത്തിരിപ്പിനും കാരുണ്യത്തിനും കാത്തുനിന്നില്ല, ഗ്രാമത്തിലെ 'റോബർട്ടോ കാർലോസ്' എന്ന് വിളിക്കുന്ന ഫുട്ബാൾ താരം സത്യൻ (സത്യപ്പൻ -54) വിടവാങ്ങി. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ രക്താർബുദം സ്ഥിരീകരിച്ചിരുന്നു. സത്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നാടിെൻറ ശ്രമങ്ങൾക്കിെടയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ചൊരിമണലിൽ കാൽപന്തുകളിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച സത്യൻ 24 വർഷത്തിലധികം 'ഗ്രാമീണ' ഫുട്ബാൾ ക്ലബിെൻറ മുൻനിര കളിക്കാരനും സജീവപ്രവർത്തകനുമായിരുന്നു. സത്യെൻറ ജീവിതംതന്നെ ഫുട്ബാൾ ആയിരുന്നു. സത്യൻ സുഹൃത്തിനോട് പറഞ്ഞിരുന്ന പ്രകാരം അന്ത്യയാത്രയിൽ ഫുട്ബാൾ കൂട്ടിന് വേണമെന്ന ആഗ്രഹവും ഗ്രാമീണയുടെ പ്രവർത്തകർ നിറവേറ്റി.
ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റനായിരുന്ന വി.പി. സത്യനുമായി ആത്മബന്ധം പുലർത്തിയിരുന്നു. വി.പി. സത്യൻ സാന്നിധ്യമായിരുന്ന കളികളിലെല്ലാം സത്യനുമെത്തിയിരുന്നു. കളികൾ കാണുന്നതിന് പ്രവേശന ടിക്കറ്റ് വി.പി. സത്യനിലൂടെയാണ് സത്യന് ലഭിച്ചത്. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിന്നു ജീവിതം. ജില്ലയിലെ അമ്പതിൽപരം ഫുട്ബാൾ മേളകളിൽ ഗ്രാമീണക്ക് കിരീടം നേടുന്നതിന് നേതൃത്വം നൽകിയിരുന്നു. കാവുങ്കൽ വെളിയിൽ പരേതനായ പത്മനാഭെൻറയും പങ്കജാക്ഷിയുടെയും മകനാണ്. രതിയാണ് ഭാര്യ. വിദ്യാർഥിനിയായ ആര്യ ഏകമകളും.