സതീശൻ സൗഹൃദം ചൊരിയുന്ന അയൽവാസി
text_fieldsനിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്റെ ദേശം മടത്തിമൂലയിലെ വീടിന് എതിർവശം താമസിക്കുന്ന സുധീഷും ഭാര്യ ബിന്നിയും മരുമകൾ ദേവികയും
ദേശം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ അയൽവാസിയാകാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുകയാണ് സി.പി.എം പ്രാദേശിക നേതാവായ ടി.വി. സുധീഷും കുടുംബവും. സ്നേഹവും, കരുണയും സൗഹാർദവും ഒത്തുചേർന്ന ഊഷ്മളമായ വ്യക്തിത്വത്തിന്റെ ഉടമയാണ് സതീശനെന്ന് സുധീഷ് പറയുന്നു. സതീശന്റെ ദേശം മടത്തിമൂലയിലെ വീടിന്റെ നേരെ എതിർവശത്താണ് സുധീഷ് താമസിക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗവും കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറിയും രണ്ട് തവണ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ച കെ. വാസുവിന്റെ മകനായ സുധീഷ്, സി.പി.എം ലോക്കൽ കമ്മറ്റി അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായിരുന്നു.
2004ലാണ് സതീശന്റെ വീടിന് സമീപം സുധീഷ് സ്ഥലം വാങ്ങി വീടുവെച്ചത്. അന്ന് സതീശൻ എം.എൽ.എയാണ്. അയൽപക്ക ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹം വളരെ സൗഹാർദത്തോടെയും കുടുംബത്തിലെ അംഗത്തെ പോലെയുമാണ് പെരുമാറിയത്. വീട് താമസത്തിലും സജീവമായി പങ്കുകൊണ്ടു. എന്താവശ്യത്തിനും തിരക്കൊഴിവാക്കിയെത്തും. ഏക മകൻ അമൽ കൃഷ്ണക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചതറിഞ്ഞ് മനോഹരമായ വിലകൂടിയ പേന വീട്ടിലെത്തി സമ്മാനിക്കുകയും ഭാവി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഉപദേശ നിർദേശങ്ങൾ നൽകി ആശംസിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ വളരെ തിരക്കിലായിട്ടും കഴിഞ്ഞ വർഷം നടന്ന അമൽ കൃഷ്ണയുടെ വിവാഹത്തിന് സതീശൻ സമയം കണ്ടെത്തി സജീവമായി പങ്ക് കൊണ്ടു. എം.കോം ബിരുദധാരിയായ മരുമകൾ ദേവികയുടെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ ചേരിയിലായിരുന്നിട്ടും ഊഷ്മള ബന്ധമാണ് സതീശൻ പുലർത്തിയിരുന്നത്. വീട്ടിൽ വരുമ്പോഴും, പോകുമ്പോഴും തങ്ങളെ കൈ ഉയർത്തി അഭിവാദ്യം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച രാത്രി വന്നാൽ തിങ്കളാഴ്ചയേ മടങ്ങൂ. ഒഴിവ് സമയങ്ങളിൽ റോഡിലിറങ്ങും. അയൽവാസികളുമായി സൗഹൃദം പുലർത്തും.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ സുധീഷും കുടുംബവും സതീശന്റെ വീട്ടിലെത്തി ഭാര്യയേയും മാതാപിതാക്കളേയും ആശംസകൾ അറിയിച്ചു. അവർ മധുരം നൽകിയും സന്തോഷം പങ്കുവെച്ചു. സുധീഷിന്റെ തൊമ്മച്ചാട്ട് കുടുംബാംഗങ്ങളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് സതീശനായിരുന്നു. സതീശൻ മുഖ്യമന്ത്രിയായതിൽ ഉറ്റ അയൽവാസിയെന്ന നിലയിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നതായും മാതൃക ഭരണാധികാരിയായിരിക്കും അദ്ദേഹമെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും സുധീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

