വനിതകൾക്ക് തണലേകി സഖി വൺ സ്റ്റോപ് സെന്‍റർ
text_fieldsകാക്കനാട് ചിൽഡ്രൻസ് ഹോമിന് സമീപം പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ് സെന്‍റർ
കാക്കനാട്: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കരുതലേകുകയാണ് കാക്കനാട് ചിൽഡ്രൻസ് ഹോമിന് സമീപത്തെ 'സഖി വൺസ്റ്റോപ് സെന്‍റർ'. ഗാർഹിക പീഡനം ഉൾപ്പെടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസലിങ്ങും നിയമസഹായങ്ങളും ഉൾപ്പെടെയുള്ളവ ഒരു കുടക്കീഴിൽ ഒരുക്കുക ലക്ഷ്യത്തോടെ 2019 ഒക്ടോബറിൽ ആരംഭിച്ച സെന്‍ററിൽ ഇതിനോടകം നൂറിലധികം സ്ത്രീകൾക്കാണ് അഭയം ഒരുക്കിയത്.
സ്ത്രീകൾക്കെതിരായ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്ന വൺ സ്റ്റോപ് സെന്‍ററിൽ എഫ്.ഐ.ആർ, എൻ.സി.ആർ, ഡി.ഐ.ആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിത സംരക്ഷണ ഓഫിസർ തുടങ്ങിയവരുടെ സേവനം ലഭിക്കും. വിഡിയോ കോൺഫറൻസ് മുഖേന മൊഴി കൊടുക്കാനുള്ള സൗകര്യവുമുണ്ട്.
താൽക്കാലിക അഭയം ആവശ്യമുള്ളവർക്ക് അഞ്ച് ദിവസം വരെയാണ് താമസം ലഭ്യമാക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ ദിവസത്തേക്ക് കൂടി സൗകര്യം ഒരുക്കും. ഒരേസമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന സെന്‍ററിലുള്ളത്.
ഇതുവരെ 800 കേസുകൾ
സെന്‍ററിൽ ഇതു വരെ 800 ൽഅധികം കേസുകളാണ് എടുത്തത്. ഇതിൽ 75 ശതമാനത്തിലധികവും തീർപ്പാക്കിയിട്ടുണ്ട്. ഭൂരിഭാഗം പരാതികളും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതായിരുന്നു. ദൂരെ സ്ഥലങ്ങളിൽനിന്ന് ഫോൺ മുഖേന പരാതി നൽകുന്നവർക്ക് ആവശ്യാനുസരണം പൊലീസ് സഹായവും ലീഗൽ സർവിസ് അതോറിറ്റി വഴിയുള്ള നിയമസഹായങ്ങളും അതത് പ്രദേശങ്ങളിൽ തന്നെ ലഭ്യമാക്കുന്നുണ്ട്.
175 ൽ കൂടുതൽ പേർക്ക് നിയമ സഹായവും അഞ്ഞൂറിലധികം ആളുകൾക്ക് കൗൺസലിങും നൽകി. കേന്ദ്ര സർക്കാറാണ് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സംസ്ഥാന വനിത ശിശുവികസന വകുപ്പിെൻറ മേൽനോട്ടത്തിൽ സ്റ്റേറ്റ് നിർഭയ സെൽ നോഡൽ ഏജൻസിയായും പ്രവർത്തിക്കുന്നു. കലക്ടർ അധ്യക്ഷനായുള്ള മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം.
സഖിയിലേക്ക് എത്തിച്ചേരാൻ
പൊതുപ്രവർത്തകർ, സന്നദ്ധ സംഘടനകൾ മുഖേനയും പൊലീസ്, വനിത സെൽ തുടങ്ങിയവ മുഖേനയുമാണ് കൂടുതൽ പേർ സഖിയിലേക്ക് എത്തുന്നത്. ഇതിനു പുറമേ കാക്കനാട് ചിൽഡ്രൻസ് ഹോം ക്യാമ്പിൽ പ്രവർത്തിക്കുന്ന സെന്‍ററിലേക്ക് നേരിട്ടും എത്താവുന്നതാണ്.
താൽക്കാലിക അഭയം മാത്രം മതി എന്നാണെങ്കിൽ 8547710899 എന്ന ഫോൺ നമ്പർ മുഖേനയും ബന്ധപ്പെടാവുന്നതാണ്. വനിത സംരക്ഷണ ഓഫിസറുടെ നമ്പറായ 8281999057, വനിത ഹെൽപ്ലൈൻ നമ്പറുകളായ 1091, 181 എന്നിവയും ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

