പള്ളി നേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയില്‍
text_fieldsകരുമാല്ലൂര്‍: തട്ടാംപടി സെന്റ് തോമസ് ദേവാലയത്തിൽ കയറി നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. അടിമാലി ഉടുമ്പന്‍ചോല ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാഭനാണ് (63) പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 24നാണ് സെന്റ് തോമസ് ദേവാലയത്തിന്റെ അകത്തുകയറി നേര്ച്ചപ്പെട്ടികള് കുത്തിത്തുറന്ന് 20,000 രൂപയോളം കവർന്നത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.
അതിനാൽ കാമറ ദൃശ്യങ്ങളില്‍നിന്ന് ആളെ തിരിച്ചറിയാനായില്ല. ഇപ്പോള്‍ പൊന്‍കുന്നം സ്റ്റേഷനിലെ ഒരു മോഷണ കേസിലാണ് ഇയാള്‍ പിടിയിലായത്. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് കരുമാല്ലൂരില്‍ മോഷണം നടത്തിയ കാര്യം സമ്മതിച്ചത്.
പറവൂര്‍, തടിയിട്ടപറമ്പ് സ്റ്റേഷന് പരിധിയിലെ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലങ്ങാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ എസ്.ഐ. അരുണ്‍ദേവ്, എ.എസ്.ഐ. ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.