റോഡിലെ പൊടിശല്യം; പ്രതിഷേധിച്ചവർക്കെതിരെ പാർട്ടി സെക്രട്ടറിയും എം.എൽ.എയും
text_fieldsപൊടിശല്യത്തിനെതിരെ സമരം ചെയ്തവരും എം.എൽ.എയും പാർട്ടി സെക്രട്ടറിയുമായി നടന്ന ബഹളം
മട്ടാഞ്ചേരി: റോഡിലെ പൊടിശല്യത്തിനെതിരെ പ്രതിഷേധിച്ചവർക്കുനേരേ പാർട്ടി സെക്രട്ടറിയും എം.എൽ.എയും തിരിഞ്ഞത് ബഹളത്തിനിടയാക്കി. മട്ടാഞ്ചേരി പനയപ്പള്ളിയിലാണ് സംഭവം. സ്പീക്കർ എ.എൻ. ഷംസീർ സ്കൂൾ സർഗോത്സവം പരിപാടി ഉദ്ഘാടനം ചെയ്യാൻ വരുന്നതിറഞ്ഞ് മഹാത്മ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ റോഡിലെ പൊടിശല്യത്തിനെതിരെ റോഡരികിൽ ചങ്ങല തീർത്ത് പ്രതിഷേധിച്ചു.
സ്ത്രീകൾ അടക്കമുള്ളവരാണ് പ്രതിഷേധിക്കാൻ എത്തിയത്. സ്പീക്കർ പരിപാടിക്ക് ശേഷം മടങ്ങിപ്പോയതോടെ സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ് സമരക്കാർക്കുനേരെ തിരിഞ്ഞു. പിറകെ കെ.ജെ. മാക്സി എം.എൽ.എയും ഉണ്ടായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മിൽ ബഹളമായി. സമരക്കാർ എത്തുമെന്നറിഞ്ഞ് കൂടുതൽ പൊലീസും സ്ഥലത്ത് തമ്പടിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു പോർവിളിയും ബഹളവും. പിന്നീട് പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും മാറ്റുകയായിരുന്നു.
കപ്പലണ്ടിമുക്ക് മുതൽ തോപ്പുംപടി വരെ റോഡിന്റെ പലഭാഗവും പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കയാണ്. ഒരാഴ്ചയിലെറെയായി പൊടിശല്യംമൂലം വ്യാപാരികളും താമസക്കാരും വലയുകയാണ്. ബസ് സർവിസുള്ള റോഡായതിനാൽ പൊടിശല്യം ഏറെയാണ്. മേഖലയിലെ കടകൾ മിക്കതും അടച്ചിട്ടിരിക്കയാണ്.
ഇതേ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്. സ്പീക്കർ പങ്കെടുത്ത വേദിക്ക് പുറത്താണ് തങ്ങൾ പ്രതിഷേധിച്ചതെന്നും യോഗ വേദിയിലോ അങ്കണത്തിലോ പ്രതിഷേധിച്ചിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ഷമീർ വളവത്ത്, പ്രീതി ഡിക്സൺ, സുനിത ഷമീർ, ജാസ്മി പനയപ്പള്ളി, ഹാരീസ്, അസീസ് ഇസ്സാക്ക് സേട്ട്, സനൽ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

