പട്ടിമറ്റത്ത് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ
text_fieldsപട്ടിമറ്റം ജങ്ഷന് സമീപം റോഡ് ഇടിഞ്ഞ നിലയിൽ
പട്ടിമറ്റം: പട്ടിമറ്റം-നെല്ലാട് റോഡിൽ പട്ടിമറ്റം ജങ്ഷന് സമീപം റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിൽ. ആറുമാസംമുമ്പ് ആധുനിക നിലവാരത്തിൽ പൂർത്തിയാക്കിയ റോഡാണിത്. അമിതഭാരവുമായി വന്ന ടോറസ് ലോറി സൈഡിലേക്ക് കയറ്റിയതാണ് റോഡ് ഇടിയാൻ കാരണം.
റോഡിന്റെ എതിർദിശയിലെ പോക്കറ്റ് റോഡിൽനിന്ന് മഴവെള്ളം പ്രധാനറോഡ് കടന്ന് താഴെ ഇരട്ടപാടത്തേക്ക് പോകുന്ന സ്ഥലത്താണ് റോഡ് ഇടിഞ്ഞത്. തുടർച്ചയായി പെയ്ത മഴയിൽ റോഡിന്റെ ഇടിഞ്ഞ ഭാഗത്തുള്ള മണ്ണ് ഒലിച്ചുപോയിരുന്നു. ഇതിനുപുറമെ ടോറസ് കൂടി കയറിയതോടെ റോഡ് പൂർണമായും ഇടിഞ്ഞു.
ഇടിഞ്ഞ റോഡ് ദ്രുതഗതിയിൽ നിർമാണം പൂർത്തിയാക്കാൻ പി.വി. ശ്രീനിജിൻ എം.എൽ.എ നിർദേശം നൽകി. വാഹനങ്ങൾ സൈഡ് നൽകുമ്പോൾ അപകടാവസ്ഥയിലായ ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണി പൂർത്തിയാക്കില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകും.
ജനപ്രതിനിധികളടക്കം ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയതോടെ കിഫ്ബി ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് അടിയന്തര റിപ്പോർട്ട് കൈമാറാനും നിർദേശിച്ചു. സ്ഥലത്തെത്തി അപകടമുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചശേഷം ഇടിഞ്ഞഭാഗം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അറ്റകുറ്റപ്പണി കരാറുകാരന്റെ ഉത്തരവാദിത്തത്തിലാണ് പൂർത്തിയാക്കേണ്ടത്. മിംസ് കൺവെൻഷൻ സെന്റർ മുതൽ എതിർവശത്തെ ഇടറോഡുകളിൽനിന്ന് വരുന്ന വെള്ളം കാന തീർത്ത് ഒഴുക്കിയാൽ മാത്രമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമാകു. തൽക്കാലം അറ്റകുറ്റപ്പണി പൂർത്തിയാക്കിയാലും വീണ്ടും റോഡ് ഇടിയാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

