തൃക്കാക്കരയിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു
text_fields1. കാക്കനാടിന് സമീപം അത്താണിയിൽ കുടിവെള്ള പൈപ്പ് മാറ്റിയിടുന്നു 2. ഇടച്ചിറ ജങ്ഷന്
സമീപം റോഡിന് നടുവിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
കാക്കനാട്: തൃക്കാക്കരയിൽ രണ്ടിടത്ത് പൈപ്പ് പൊട്ടി റോഡ് തകർന്നു. കാക്കനാടിന് സമീപം അത്താണിയിലും ഇൻഫോ പാർക്കിന് സമീപം ഇടച്ചിറയിലുമാണ് പൊട്ടിയത്. അതിശക്തമായി വെള്ളം ഇരച്ചെത്തിയതാണ് റോഡ് തകരാൻ കാരണം. വെള്ളിയാഴ്ച രാത്രിയാണ് കാക്കനാട് പള്ളിക്കര റോഡിൽ അത്താണി ജങ്ഷന് സമീപം പൊട്ടിയത്. 300 മില്ലിമീറ്റർ വ്യാസമുള്ള ആസ്ബറ്റോസ് പൈപ്പാണ് തകർന്നത്.
40 വർഷത്തോളം പഴക്കമുള്ള പൈപ്പായിരുന്നു. റോഡിന്റെ വശം തകർത്ത് പുറത്തേക്ക് കുത്തിയൊലിക്കുകയായിരുന്നു.ഇതോടെ അത്താണി, കൊല്ലം കുടി മുകൾ, വികാസ വാണി തെങ്ങോട് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങി.
ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പൈപ്പ് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറെ വൈകിയാണ് അവസാനിപ്പിച്ചത്. ആസ്ബറ്റോസിന് പകരം പി.വി.സി പൈപ്പാണ് പുതുതായി സ്ഥാപിച്ചത്.തൃക്കാക്കര നഗരസഭയിലെ പലയിടത്തും ആസ്ബറ്റോസ് പൈപ്പുകളിലൂടെയാണ് ഇപ്പോഴും കുടിവെള്ള വിതരണം നടത്തുന്നത്. കാലപ്പഴക്കം ചെന്ന ഇത്തരം പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. ഇടച്ചിറ ജങ്ഷന് സമീപം റോഡിന് നടുവിലാണ് പൈപ്പ് പൊട്ടിയത്. 160 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്.