കമ്പനിപ്പടിയില്‍ അപകടങ്ങള്‍ പെരുകുന്നു; അനങ്ങാതെ അധികൃതർ
text_fieldsചൂര്‍ണിക്കര: ദേശീയപാത കടന്നുപോകുന്ന കമ്പനിപ്പടിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. രണ്ടാഴ്ച മുമ്പ് വയോധികയെ വാഹനം ഇടിച്ചുതെറിപ്പിച്ചത് ഭീതിജനകമായിരുന്നു.
അശാസ്ത്രീയ റോഡ് വികസനവും വാഹനങ്ങളുടെ അമിതവേഗവുമാണ് പ്രധാന പ്രശ്നം. ദേശീയപാത നാലുവരിയാക്കിയശേഷം നിരവധി അപകടങ്ങളും അപകട മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
ഈ ഭാഗത്ത് റോഡ് നേരെയായതിനാൽ വാഹനങ്ങൾ ചീറിപ്പായുകയാണ്. കമ്പനിപ്പടി കവലയിലും സമീപത്തും ദേശീയപാതക്ക് കാര്യമായ വീതിയില്ല.
നാലുവരിയാക്കിയ സമയത്ത് ആവശ്യത്തിന് സ്ഥലമേറ്റെടുക്കാതെ പണി നടത്തിയതാണ് പ്രശ്നം. അപകടങ്ങൾ പെരുകിയിട്ടും പിന്നീടൊരിക്കലും വീതികൂട്ടാനും ശ്രമിച്ചില്ല. കവലയിലേക്ക് റോഡ് എത്തുന്ന സ്ഥലങ്ങളിൽ മുന്നിൽ കവലയുണ്ടെന്ന ഒരു സൂചനയുമില്ല. ഇതുമൂലം ദേശീയപാതയിലൂടെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ കവലയുടെ രണ്ടറ്റങ്ങളിലെ യു-ടേണുകൾ തിരിയുന്ന വാഹനങ്ങളിലിടിക്കുന്നത് പതിവാണ്. വാഹനങ്ങളെ മറികടക്കാൻ സ്വകാര്യബസുകളും ലോറികളും മത്സരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. കാല്‍നടക്കാർ റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. കാൽനടക്കാർക്ക് ഓവര്‍ബ്രിഡ്ജ് വേണമെന്നത് ഏറെനാളായ ആവശ്യമാണ്. മെട്രോ പാലത്തിന് താഴെയുള്ള മീഡിയനിൽ മണ്ണ് നിറക്കാത്തത് ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർക്ക് ദുരിതമാണ്. സീബ്രാലൈനും അശാസ്ത്രീയ രീതിയിലാണ് വരച്ചിട്ടുള്ളത്. മെട്രോ സ്റ്റേഷന് താഴെ വെളിച്ചക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമെ റോഡിനിരുവശവുമുള്ള അനധികൃത പാർക്കിങ്ങും ദുരിതം കൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

