മെഹബൂബ് വിട പറഞ്ഞിട്ട് 42 വർഷം; പാട്ടൊഴുകുന്നു പിന്നേയും...
text_fieldsമട്ടാഞ്ചേരി: മെഹബൂബ് എന്ന ഉർദു വാക്കിന്റെ അർഥം സൂചിപ്പിക്കും പോലെ തന്നെ കൊച്ചിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു മെഹബൂബ് ഭായി. കൊച്ചിക്കാരുടെ ഓർമകളിൽ പോലും മധുരം പെയ്യിക്കുന്ന ജനകീയ ഗായകനായ എച്ച്. മെഹബൂബ് ഓർമയായിട്ട് ഇന്ന് 42 വർഷം തികയുകയാണ്. ഒരു നിമിത്തമെന്നോണമാണ് മെഹബൂബ് എന്ന ബാലൻ സംഗീതലോകത്ത് എത്തപ്പെട്ടത്.
1926ൽ ഫോർട്ട്കൊച്ചി പട്ടാളത്ത് ജാതിക്ക വളപ്പിൽ ഹുസൈൻ ഖാന്റെയും ഖാല ജാന്റെയും രണ്ടാമത്തെ മകനായി ദഖ്നി മുസ്ലിം കുടുംബത്തിൽ പിറന്ന മെഹബൂബ് ഖാൻ പട്ടിണിയോട് മല്ലടിച്ചാണ് വളർന്നത്. ബാല്യത്തിൽ പിതാവ് മരിച്ചു. കുട്ടികളുടെ പട്ടിണി മാറ്റാൻ മാതാവ് ഖാല ജാൻ കല്യാണവീടുകളിൽ ഡോൾ കൊട്ടി പാടാൻ പോയിരുന്നു. പലപ്പോഴും കൂടെ മെഹബൂബിനെയും കൂട്ടിയതോടെ അദ്ദേഹം സംഗീതത്തോട് അടുത്തു. പിന്നീട് ബ്രിട്ടീഷ് പട്ടാള ക്യാമ്പിൽ ഷൂസ് പോളിഷ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടപ്പോഴാണ് പട്ടാള ബാരക്കിലെ പാട്ടുകാരനായി മാറിയത്.
1950ൽ ചേച്ചി എന്ന സിനിമയിൽ ആദ്യഗാനം റെക്കോഡ് ചെയ്തെങ്കിലും 1951ൽ ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച ജീവിതനൗക എന്ന ചലച്ചിത്രത്തിൽ പി. ലീലയോടൊപ്പം പാടിയ ‘വരൂ നായികേ’ എന്ന ഗാനവും ‘അകാലേ ആരും കൈവിടും’ എന്ന ഗാനവും മെഹബൂബിനെ മലയാള സിനിമലോകത്ത് സുപരിചിതനാക്കി. പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി മെഹബൂബ് സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി. പണത്തെക്കാളും പ്രശസ്തിയെക്കാളും മെഹബൂബ് ഇഷ്ടപ്പെട്ടിരുന്നത് കൊച്ചിക്കാരുടെ ഹൃദയത്തിലൂടെ പാടി അലയാനായിരുന്നു.
സിനിമ നിർമാതാക്കളും സംവിധായകരും തേടി എത്തുമ്പോൾ ഓടിയെളിക്കുന്നതായിരുന്നു ഭായിയുടെ സ്വഭാവം. മെഹഫിലിലോ കല്യാണ സദസ്സിലോ പാടുമ്പോഴുള്ള സുഖം സിനിമയിൽ പാടിയാൽ കിട്ടില്ലെന്നായിരുന്നു അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. കുഞ്ചാക്കോയെപ്പോലുള്ള നിർമാതാക്കൾ മെഹബൂബിനെ തേടിയെത്തി കാണാനാകാതെ മടങ്ങിയ സംഭവങ്ങൾ ഏറെ.
എന്നാൽ, കൊച്ചിക്കാർ ഭായിയെ മനം നിറയെ സൂക്ഷിച്ചു. നിമിഷംകൊണ്ട് ഗാനങ്ങൾ സ്വയം തയാറാക്കി പാടിയിരുന്ന ശൈലി ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം മെഹബൂബിന് നൽകി. അതുകൊണ്ട് തന്നെയാണ് കൊച്ചിയിലെ പുതിയതും പഴയതുമായ തലമുറക്കാർ ഭായിയോട് പുലർത്തുന്ന സ്നേഹവായ്പ് മറ്റൊരു ഗായകർക്കും കിട്ടാതെ പോയത്. കാസ രോഗം പിടിപെട്ട് കാക്കനാടുള്ള ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന മെഹബൂബ് 1981 ഏപ്രിൽ 22നാണ് മരിച്ചത്.