ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരം; ഗ്രൗണ്ടുകളിൽ പ്രതിഷേധം
text_fieldsകാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ പരീക്ഷാർഥികൾ
കാക്കനാട്/ മട്ടാഞ്ചേരി: ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരെ ഗ്രൗണ്ടുകളിൽ പ്രതിഷേധം. ടെസ്റ്റ് ഒരു ദിവസം 50 പേർക്കുനടത്തിയാൽ മതിയെന്ന നിർദേശത്തിനെതിരെയാണ് സ്കൂൾ ഉടമകളും പരീക്ഷാർഥികളും പ്രതിഷേധിച്ചത്. പരീക്ഷാർത്ഥികളും ഡ്രൈവിങ് സ്കൂളുകാരും കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചെങ്കിലും മാർച്ച് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോഴേക്കും പ്രശ്നം പരിഹരിച്ചതായി തിരുവനന്തപുരത്തുനിന്ന് അറിയിപ്പെത്തിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ര ണ്ടര മണിക്കൂർ വൈകിയാണ് ടെസ്റ്റ് തുടങ്ങിയത്.
രജിസ്റ്റർ ചെയ്ത 124 പേരിൽ 105 പേർ ഹാജരായി. ഇതിൽ 37 പേർ പാസായി. എത്തിയവരെ മുഴുവൻ ടെസ്റ്റിൽ പങ്കെടുപ്പിച്ചു. മട്ടാഞ്ചേരി ആർ.ടി.ഒയുടെ കീഴിലുള്ള വെല്ലിംഗ്ടൺ ഐലൻറിലെ മൈതാനത്ത് ടെസ്റ്റിനെത്തിയവരും വെട്ടിലായി. 120 പേർക്ക് ടെസ്റ്റ് നടത്തുന്ന ഇവിടെ പുതിയ പരിഷ്കാര പ്രകാരം 50 പേർക്ക് മാത്രമേ നടത്താനാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ടെസ്റ്റിനെത്തിയവർ ബഹളം വെച്ചു. പലരും ജോലി കളഞ്ഞ് ടെസ്റ്റിനെത്തിയവരായിരുന്നു. ബഹളം ശക്തമായതോടെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വന്നെത്തിയവരുടെ ടെസ്റ്റ് പൂർത്തീകരിക്കുകയുമായിരുന്നു.

