യാത്രകൾ കളറായി, ഓണാവധി ദിനങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയത് ആയിരങ്ങൾ
text_fieldsചെറായി ബീച്ചിലെ സന്ദർശകരുടെ തിരക്ക്
കൊച്ചി: ഓണ അവധി ദിനങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. ബീച്ചുകൾ ഉൾപ്പെടെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ (ഡി.ടി.പി.സി) കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ തിരക്ക് അവസാന അവധി ദിനമായ ഞാറാഴ്ചയും തുടർന്നു. എന്നാൽ, ചില ദിവസങ്ങളിൽ കാലാവസ്ഥ പ്രതികൂലമായത് സന്ദർശകരുടെ വരവിനെ ബാധിച്ചു.
അതിനാൽ ചില കേന്ദ്രങ്ങളിൽ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞവർഷത്തെ അത്രയും തിരക്ക് ഉണ്ടായില്ല എന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. എന്നാൽ, മഴ പൂർണമായി മാറി നിന്ന അവസാന ദിവസങ്ങളിൽ പല കേന്ദ്രങ്ങളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യത കണക്കിലെടുത്ത് ബീച്ചുകളിൽ എത്തുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. അതിനാൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാൻ പൊതുവെ സഞ്ചാരികൾ വിമുഖ പ്രകടിപ്പിച്ചു. എന്നാൽ, അന്തരീക്ഷം തെളിഞ്ഞതോടെ ചെറായി, ഫോർട്ടുകൊച്ചി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളിലും സന്ദർശകർ കൂട്ടത്തോടെ എത്തിത്തുടങ്ങിയിരുന്നു. സന്ദർശകർ ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓണക്കാല അവധി ദിനങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുകയും അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോനയും പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഭൂതത്താൻകെട്ടിൽ പത്ത് വർഷമായി അടഞ്ഞുകിടന്നിരുന്ന വാച്ച് ടവർ ഇത്തവണ തുറന്നുകൊടുത്തത് സഞ്ചാരികൾക്ക് പുതിയ അനുഭവമായി.
ഭൂതത്താൻകെട്ടിലെത്തുന്നവർക്ക് ചുറ്റുമുള്ള ജലാശയത്തിന്‍റെയും വനമേഖലയുടെയും ഭംഗി ഉയരത്തിൽ നിന്ന് വിശാലമായി ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന വാച്ച് ടവറിലേക്ക് ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് എത്തിയത്. പ്രത്യേക സെൽഫി പോയിന്‍റും ഇവിടെ ഒരുക്കിയിരുന്നു. വാച്ച് ടവറിൽ കയറുന്നതിന് നിലവിൽ ഫീസ് ഏർപ്പെടുത്തിയിട്ടില്ല എന്നതും കൂടുതൽ സഞ്ചാരികളെ ആകർഷിച്ചു. 2014ലാണ് ഭൂതത്താൻകെട്ടിൽ വാച്ച് ടവർ നിർമിച്ചത്.
മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ വിദേശികളെയും പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാണാമായിരുന്നു. സന്ദർശകരിൽ ഭൂരിഭാഗവും കുടുംബസമേതം എത്തിയവരാണ്. ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിൽ പുതിയ കളിയുപകരണങ്ങൾ സ്ഥാപിച്ചത് കുട്ടികളുടെ തിരക്ക് വർധിക്കാൻ കാരണമായി. എന്നാൽ മഴയുടെ ഭീഷണി നിലനിന്ന ദിവസങ്ങളിൽ ഇവിടെയും തിരക്ക് കുറവായിരുന്നു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ‘ലാവണ്യം 2026’ഉം ഒട്ടേറെ കാണികളെ ആകർഷിച്ചു.
ആഗസ്റ്റ് 24 മുതൽ 30 വരെ എറണാകുളം ദർബാർ ഹാൾ ഓപ്പൺ എയർ ഓഡിറ്റോറിയം, ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ട്, വടക്കൻ പറവൂർ, കോതമംഗലം, പിറവം, പെരുമ്പാവൂർ, പള്ളുരുത്തി, പാമ്പാക്കുട, വൈപ്പിൻ, മൂവാറ്റുപുഴ, കുട്ടമ്പുഴ, കടമ്പ്രയാർ, വാസ്കോഡഗാമ സ്ക്വയർ, കുമ്പളങ്ങി തുടങ്ങിയ വേദികളിലായി നാൽപ്പതോളം കലാപരിപാടികളാണ് അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

